ഇനിയും മരിച്ചിട്ടില്ലാത്ത വര്‍ക്കിങ്‌ ജേണലിസ്റ്റ്‌സ് ആക്റ്റ്

 

2007-ല്‍ വ്യൂപോയന്റ് പ്രസിദ്ധപ്പെടുത്തിയ  'പത്രം ധര്‍മം നിയമം' എന്ന എന്റെ പുസ്തകത്തിലെ'ഇനിയും മരിച്ചിട്ടില്ലാത്ത വര്‍ക്കിങ് ജേണലിസ്റ്റ് ആക്റ്റ്'  അധ്യായമാണ് ഇവിടെ എടുത്തു ചേര്‍ക്കുന്നത്. ഇപ്പോള്‍ മരിച്ചു കഴിഞ്ഞ  ആക്റ്റ് ഉണ്ടായ സാഹചര്യത്തെക്കുറിച്ചാണ് ലേഖനം. ക്ഷമിക്കണം, ചത്ത കുട്ടിയുടെ ജാതകം നോക്കുകയാണ്! 

 അന്ന് എഴുതിയതുതന്നെയാണ് ആ തലവാചകം! 😆😆

പത്രസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ഒരു നിയമനിര്‍മാണവും രാജ്യത്ത് ഉണ്ടാവുകയില്ല എന്നതാണ് അമേരിക്കന്‍ ഭരണഘടനയില്‍ കൊണ്ടുവന്ന ആദ്യഭേദഗതി. അക്കാരണം കൊണ്ടുതന്നെ ഫസ്റ്റ് അമന്‍ഡ്്‌മെന്റ് എന്ന പ്രയോഗം അമേരിക്കയില്‍ പത്രസ്വാതന്ത്ര്യത്തിന്റെ പര്യായപദമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ഫസ്റ്റ് അമന്‍ഡ്‌മെന്റിനും,ഒന്നാമത്തെ ഭേദഗതിക്ക്,ണ്‍ണ്‍ണ്‍പത്രസ്വാതന്ത്ര്യവുമായി ബന്ധമുണ്ടെന്ന് പറയാം, അമേരിക്കയുടേതിന് നേരെ വിപരീതമായ ബന്ധമാണെന്നു മാത്രം. ഭരണഘടന നിലവില്‍ വന്ന് പതിനഞ്ച് മാസത്തിനകം കൊണ്ടുവന്ന ഭേദഗതിബില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് ചില പരിധികള്‍ ഏര്‍പ്പെടുത്തുന്നതിനുള്ളതായിരുന്നു. ഭരണഘടനയിലെ 19(1)(എ) ല്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യം, ഒരാള്‍ കൊലപാതകത്തിനോ അക്രമത്തിനോ ആഹ്വാനം ചെയ്താല്‍ പോലും ശിക്ഷിക്കാന്‍ പറ്റാത്തവിധം സമഗ്രമാണെന്ന് കോടതികള്‍ വിധിച്ചതുകൊണ്ടാണ് ചില പരിധികള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ കൊണ്ടുവന്നത്.

മറ്റൊരു തരത്തിലും ഒന്നാം ഭേദഗതിക്ക് പത്രസ്വാതന്ത്ര്യവുമായി ബന്ധമുണ്ട്. ഒന്നാം ഭരണഘടനാഭേദഗതിയുടെ ചര്‍ച്ചക്കിടയിലാണ്, രാജ്യത്തെ പത്രങ്ങളുടെ അവസ്ഥയെയും പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള നടപടികളേയും കുറിച്ച് അന്വേഷിക്കുന്നതിന് ഒരു പ്രസ് കമ്മീഷനെ നിയമിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ റോയല്‍ കമ്മീഷന്‍ ഓണ്‍ പ്രസ്സിന്റെ മാതൃകയിലുള്ള കമ്മീഷനാണ് തന്റെ മനസ്സിലുള്ളതെന്നും അദ്ദേഹം പിന്നീട് വിശദീകരിക്കുകയുണ്ടായി. ഇന്ത്യയുടെ ആദ്യത്തെ പ്രസ് കമ്മീഷന്റെ ജനനം അങ്ങനെയാണ് ഉണ്ടായത്. 

1947ലാണ് ബ്രിട്ടനില്‍ ആദ്യത്തെ റോയല്‍ കമ്മീഷന്‍ ഓണ്‍ പ്രസ് രൂപവല്‍ക്കരിക്കപ്പെട്ടത്. നാല്‍പ്പത്തൊമ്പതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. പിന്നീട് 1961 ലും1974 ലും റോയല്‍ കമ്മീഷനുകളെ നിയോഗിക്കുകയുണ്ടായി. മൊത്തത്തില്‍ പത്രസ്വാതന്ത്ര്യസംരക്ഷണത്തിന് വേണ്ടി കാര്യമായ  നടപടികളൊന്നും ഇന്ത്യയിലെ കമ്മീഷനില്‍ നിന്നുണ്ടായില്ലെങ്കിലും പത്രപ്രവര്‍ത്തകര്‍ക്കും മറ്റ് പത്രജീവനക്കാര്‍ക്കും പ്രയോജനപ്രദമായ ചില നടപടികള്‍ കമ്മീഷന്റെ ശുപാര്‍ശയില്‍ നിന്നുണ്ടായി. അതിലേറ്റവും പ്രധാനപ്പെട്ടത്് വര്‍ക്കിങ്ങ് ജേണലിസ്റ്റ്്‌സ് ആക്റ്റാണ്. പ്രസ്‌കമ്മീഷനില്‍ നിന്ന് ഉണ്ടായ പരിഷ്‌കാരങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നത് അത് മാത്രമായിരിക്കും.

പത്രപ്രവര്‍ത്തകര്‍ക്കും പത്രജീവനക്കാര്‍ക്കും വേണ്ടി മാത്രമായി ഇതുപോലൊരു തൊഴില്‍നിയമം വേറെ അധികം രാജ്യങ്ങളിലില്ല.  സ്വാതന്ത്ര്യസമരഘട്ടത്തില്‍ പൊതുപ്രവര്‍ത്തനത്തിന്റെയും പ്രക്ഷോഭത്തിന്റെയും ഉപകരണം മാത്രമായിരുന്ന പത്രപ്രവര്‍ത്തനം ഒരു സ്വതന്ത്ര ജനാധിപത്യരാജ്യത്ത് പൂര്‍ണ അര്‍ഥത്തിലുള്ള പ്രൊഫഷന്‍ ആയി രൂപാന്തരപ്പെടേണ്ടത് അത്യാവശ്യമായിരുന്നു. ഒപ്പം അത് ജനാധിപത്യത്തെ അര്‍ഥപൂര്‍ണമാക്കുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് കൂടി ആവേണ്ടതുണ്ടല്ലോ.  തൊഴിലാളികളുടെ സംരക്ഷണത്തിനാവശ്യമായ തൊഴില്‍നിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ടായിരുന്നു. അതിലേറ്റവും പ്രധാനപ്പെട്ടത് 1947 ല്‍ തന്നെ നിലവില്‍ വന്ന തൊഴില്‍തര്‍ക്ക നിയമമാണ്. ബ്രിട്ടീഷ് കാലത്ത് നിലവില്‍വന്ന നിയമങ്ങള്‍ നിലനില്‍ക്കുന്നുമുണ്ടായിരുന്നു. എന്നാല്‍, മറ്റ് തൊഴില്‍ വിഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ ധര്‍മവും ദൗത്യവും പത്രപ്രവര്‍ത്തനത്തിനുണ്ട് എന്ന തിരിച്ചറിവാണ് വര്‍ക്കിങ്ങ് ജേണലിസ്റ്റ്‌സ് ആക്റ്റിന്റെ നിര്‍മാണത്തിലേക്ക് നയിച്ചത്. 

ഒരു സുപ്രഭാതത്തില്‍ ഉദ്യോഗസ്ഥരുടെ മസ്തിഷ്‌കത്തില്‍ വിടര്‍ന്ന ആശയമായിരുന്നില്ല അത്. ദേശീയതലത്തില്‍ ഇതിനായുള്ള പ്രചാരണവും പ്രക്ഷോഭവും നടക്കുന്നുണ്ടായിരുന്നു. അക്കാലത്തെ പ്രബലപത്രപ്രവര്‍ത്തകസംഘടന ഇന്ത്യന്‍ ഫെഡറേഷന്‍ ഒഫ് വര്‍ക്കിങ്ങ് ജേണലിസ്റ്റ്‌സ് (ഐ.എഫ്.ഡബ്‌ള്യു.ജെ)ആയിരുന്നു. സംഘടനയുടെ നേതൃത്വത്തിലാണ് ഇതിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ഏറെയും നടന്നത്. പത്രസ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കാന്‍ എന്തെല്ലാം ചെയ്യണമെന്നത് സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ച സ്വാതന്ത്ര്യം കിട്ടിയ നാള്‍ തൊട്ട് വേറെയും നടന്നിട്ടുണ്ട്. ആദ്യത്തെ പ്രസ് കമ്മീഷന്‍ ജസ്റ്റിസ് രാജാധ്യക്ഷ അദ്ധ്യക്ഷനായി 1952 ല്‍ രൂപവല്‍ക്കരിച്ചതാണ്. പത്രപവര്‍ത്തകര്‍ക്ക് മാത്രമായി തൊഴില്‍സംരക്ഷണനിയമം വേണമെന്ന് ശുപാര്‍ശ ചെയ്തത് ആദ്യത്തെ പ്രസ് കമ്മീഷനാണ്. 1955ലാണ് വര്‍ക്കിങ് ജേണലിസ്റ്റ്‌സ്(കണ്ടീഷന്‍സ് ഒഫ് സര്‍വീസ്) ആന്റ് മിസലേനിയസ് പ്രൊവിഷന്‍സ് ആക്റ്റ്  പാര്‍ലമെന്റ് പാസ്സാക്കിയത്. 

നോണ്‍ ജേണലിസ്റ്റുകളും

ജേണലിസ്റ്റുകള്‍ ആയ പത്രജീവനക്കാര്‍ മാത്രമാണ് തുടക്കത്തില്‍ ഈ നിയമത്തിന്റെ പരിധിയില്‍ പെട്ടിരുന്നത്. നിയമം നിര്‍ദ്ദേശിച്ചത് പോലെ ജര്‍ണലിസ്റ്റുകള്‍ക്കായി ശമ്പളനിര്‍ണയത്തിന് സര്‍ക്കാര്‍ വേജ്‌ബോര്‍ഡ് രൂപവല്‍ക്കരിക്കുകയും അതിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തത് പോലെ ആദ്യമായി ശമ്പളവര്‍ദ്ധന നടപ്പാക്കുകയും ചെയ്തപ്പോള്‍ പത്രസ്ഥാപനങ്ങള്‍ക്കകത്തും പുറത്തും ഇത് അസ്വാരസ്യങ്ങള്‍ക്ക് കാരണമായി. ഒരേ സ്ഥാപനത്തിലെ രണ്ടുവിഭാഗം ജീവനക്കാര്‍ക്ക് രണ്ടുതരം നിയമങ്ങളും രണ്ട് ശമ്പളനിര്‍ണയരീതികളും നിലനില്‍ക്കുന്നത് സാമാന്യനീതിക്ക് നിരക്കുന്നതല്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് വര്‍ക്കിങ്ങ് ജര്‍ണലിസ്റ്റ്‌സ് ആക്റ്റ് ഭേദഗതി ചെയ്ത് പത്രപ്രവര്‍ത്തകേതര പത്രജീവനക്കാരെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നത്. നിയമത്തിന്റെ പേര് 'ദ വര്‍ക്കിങ് ജര്‍ണലിസ്റ്റ്‌സ് ആന്റ് അതര്‍ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് (കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആന്റ് മിസലേനിയസ് പ്രൊവിഷന്‍സ് ആക്റ്റ്-1955 ' എന്നായി. 

പത്രജീവനക്കാരും വ്യവസായ തൊഴിലാളികള്‍ ആണെന്ന് അംഗീകരിക്കുന്നതാണ് ഈ നിയമം. അതു കൊണ്ട് തന്നെ വര്‍ക്കിങ്  ജേണലിസ്റ്റ്‌സ് നിയമത്തില്‍ പ്രത്യേകം പറഞ്ഞിട്ടില്ലാത്ത എല്ലാ കാര്യങ്ങളിലും നിലവിലുള്ള മറ്റ് വ്യവസായത്തൊഴിലാളി നിയമങ്ങളാണ് ബാധകമാവുക. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്‌സ് ആക്റ്റ് (1948), കോണ്‍ട്രാക്റ്റ് ലേബര്‍ (റഗുലേഷന്‍ ആന്റ് അബോളിഷന്‍ ആക്റ്റ് ), അപ്രന്റിസ്ഷിപ്പ് ആക്റ്റ് 1961, ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡിങ്ങ് ഓഡേഴ്‌സ് ആക്റ്റ് 1946, പേയ്‌മെന്റ് ഓഫ് വേജസ് ആക്റ്റ് , പേയ്‌മെന്റ് ഒാഫ് ബോണസ് ആക്റ്റ് 1965, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആക്റ്റ് 1952, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ആക്റ്റ് 1948, വര്‍ക്‌മെന്‍സ് കോമ്പന്‍സേഷന്‍ ആക്റ്റ് 1923, ടേഡ് യൂണിയന്‍സ് ആക്റ്റ് 1926 തുടങ്ങിയ നിയമങ്ങളോട് ചേര്‍ത്താണ് വര്‍ക്കിങ് ജര്‍ണലിസ്റ്റ്‌സ് ആക്റ്റ് പ്രയോഗിക്കപ്പെടുന്നത്.

പത്രം എന്നാല്‍ എന്ത്, പത്രപ്രവര്‍ത്തകന്‍ എന്നാല്‍ ആര് എന്നീ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ട്, അല്ലെങ്കില്‍ ഈ രണ്ട് വാക്കുകള്‍ നിര്‍വചിച്ചുകൊണ്ട് മാത്രമേ ഈ നിയമം പ്രായോഗികമാക്കാന്‍ കഴിയൂ എന്നത് കൊണ്ട് നിയമം ആ ധര്‍മമാണ് ആദ്യം നിര്‍വഹിക്കുന്നത്.

ജേണലിസ്റ്റും വര്‍ക്കിങ് ജേണലിസ്റ്റും

'ഒന്നോ അതില്‍ കൂടുതലോ പത്രങ്ങളുടെ നിര്‍മാണമോ, ന്യൂസ് ഏജന്‍സിയുടെ അല്ലെങ്കില്‍ സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമോ നടക്കുന്ന സ്ഥാപനമാണ്' പത്രം എന്ന് നിയമം നിര്‍വചിക്കുന്നു. പത്രപ്രവര്‍ത്തകര്‍ ആര് എന്നതാണ് അടുത്ത പ്രശ്‌നം. പത്രത്തിന്റെ ഉടമസ്ഥന്‍ മുതല്‍ രാവിലെ പത്രം വീടുകളിലെത്തിക്കുന്ന ഏജന്‍സി ജീവനക്കാരന്‍ വരെ പത്രപ്രവര്‍ത്തകന്‍ എന്ന വാക്കിന്റെ ഭാഷാപരമായ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുത്താവുന്നവരാണ്. ഏതു തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍ക്കും ഒഴിവു സമയത്ത് ഒരു പ്രസിദ്ധീകരണം നടത്തുകയോ അതില്‍ എഡിറ്റോറിയല്‍ ചുമതലകള്‍ നിര്‍വഹിക്കുകയോ ചെയ്യാം. മഹാത്മാഗാന്ധിയുള്‍പ്പെടെ പ്രശസ്തരായ പലരും ഈ രീതിയില്‍ പത്രപ്രവര്‍ത്തകരായിരുന്നു. ഇവരുടെ ആരുടെയും ഉപജീവനമാര്‍ഗം പത്രപ്രവര്‍ത്തനമായിരുന്നില്ല. ഇവര്‍ക്കുവേണ്ടിയല്ല നിയമം ഉണ്ടാക്കുന്നത്. വരുമാനത്തിന്റെ മുഖ്യപങ്ക് പത്രപ്രവര്‍ത്തനത്തില്‍ നിന്ന് നേടുന്നവരെ സൂചിപ്പിക്കുന്നതിനാണ് വര്‍ക്കിങ്  ജര്‍ണലിസ്റ്റ് എന്ന തൊഴില്‍നാമം ഉണ്ടായത്. വര്‍ക്കിങ്  ജര്‍ണലിസ്റ്റ് ആക്റ്റില്‍ തൊഴില്‍ നിര്‍വചിച്ചിരിക്കുന്നതും അപ്രകാരമാണ്. 

…..മുഖ്യ ഉപജീവനമാര്‍ഗം പത്രപ്രവര്‍ത്തനമായിരിക്കുകയും ഏതെങ്കിലും പത്രസ്ഥാപനത്തിലോ പത്രസ്ഥാപനവൂമായി ബന്ധപ്പെട്ടോ അങ്ങനെ നിയമിക്കപ്പെടുകയും ചെയ്യുന്ന, എഡിറ്റര്‍, ലീഡര്‍റൈറ്റര്‍ , ന്യൂസ് എഡിറ്റര്‍, ഫീച്ചര്‍ റൈറ്റര്‍, റിപ്പോര്‍ട്ടര്‍, കറസ്‌പോണ്ടന്റ് , കാര്‍ട്ടൂണിസ്റ്റ് , ന്യൂസ് ഫോട്ടോഗ്രാഫര്‍, പ്രൂഫ് റീഡര്‍ എന്നിവരുള്‍പ്പെടുന്ന വിഭാഗമാണ് വര്‍ക്കിങ്  ജര്‍ണലിസ്റ്റുകള്‍...എന്നാണ് ആക്റ്റില്‍ നിര്‍വചിച്ചിരിക്കുന്നത്.

പത്രപ്രവര്‍ത്തകനാകാന്‍ മൂന്ന് നിബന്ധനകളാണ് പാലിക്കപ്പെടേണ്ടത്.

 1 .ചെയ്യുന്നത് പത്രപ്രവര്‍ത്തകന്റെ ജോലി ആയിരിക്കണം 

2. ആ രീതിയില്‍ നിയമിക്കപ്പെടണം. 

3. മുഖ്യഉപജീവനമാര്‍ഗം ഇതായിരിക്കണം. 

ഇത് മൂന്നും ശരിയെങ്കില്‍ പാര്‍ട്ട് ടൈം പത്രപ്രവര്‍ത്തകനും നിയമപ്രകാരം പത്രപ്രവര്‍ത്തകനായി പരിഗണിക്കപ്പെടാനുള്ള അര്‍ഹത നേടുന്നു. ഒന്നാം പ്രസ്‌കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ക്ക് അനുസൃതമായാണ് (പ്രസ് കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട് ഒന്ന്, പേജ് 189) പത്രപവര്‍ത്തകനെ നിര്‍വചിച്ചിരിക്കുന്നത്.ഇതിന് പുറമെ, വ്യവസായതര്‍ക്കനിയമത്തില്‍ തൊഴിലാളി ആയി നിര്‍വചിക്കപ്പെട്ടവര്‍ക്ക് ലഭിക്കുന്ന എല്ലാ തൊഴില്‍സംരക്ഷണവും പത്രപ്രവര്‍ത്തകനും ലഭ്യമായിരിക്കുമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പത്രാധിപര്‍ക്കും തൊഴിലാളി എന്ന നിലയിലുള്ള നിയമസംരക്ഷണം ലഭിക്കും എന്നര്‍ഥം.  

വേജ്‌ബോര്‍ഡ്

വര്‍ക്കിങ്ങ് ജേര്‍ണലിസ്റ്റ് ആക്റ്റിലെ സുപ്രധാനമായ ഒരു വകുപ്പ് പത്രപ്രവര്‍ത്തകരുടെ വേതനം നിര്‍ണയിക്കുന്നതിന് സര്‍ക്കാര്‍ കാലാകാലം വേജ്‌ബോര്‍ഡ് രൂപവല്‍ക്കരിക്കണമെന്നുള്ളതാണ്. ഇന്ത്യയില്‍ നിരവധി പൊതുമേഖല വ്യവസായങ്ങളില്‍ വേതനനിര്‍ണയത്തിന് വേജ്‌ബോര്‍ഡുകള്‍ ഉണ്ടായിരുന്നുവെങ്കിലും സ്റ്റാറ്റിയൂട്ടറി ആയ ഏക വേജ്‌ബോര്‍ഡ് പത്രപ്രവര്‍ത്തകവേജ്‌ബോര്‍ഡ് ആണ്. അതുകൊണ്ടുതന്നെ ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി മറ്റെല്ലാ വ്യവസായങ്ങളിലും വേജ്‌ബോര്‍ഡുകള്‍  ഇല്ലാതായപ്പോഴും പത്രവ്യവസായത്തില്‍ അത് നിലനില്‍ക്കുകയാണ്. സമൂഹത്തിന് വഴികാട്ടിയായി നില്‍ക്കാന്‍ തൊഴില്‍പരമായ ബാധ്യതയുള്ള  പത്രപ്രവര്‍ത്തകരെ വിപണിയുടെ ചാപല്യങ്ങള്‍ക്കോ ഉടമയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കോ മാത്രമായി വിട്ടുകൊടുത്തുകൂടെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍. 

1974 വരെ പത്രപ്രവര്‍ത്തകേതര പത്രജീവനക്കാര്‍ ആക്റ്റിന്റെ പരിധിയില്‍ വരുമായിരുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ വേതനനിര്‍ണയത്തില്‍ ഇടപെടാന്‍ പത്രപ്രവര്‍ത്തകവേജ്‌ബോര്‍ഡിന് കഴിഞ്ഞുമില്ല. മിനിമം വേജസ് ആക്റ്റ് പ്രകാരമാണ് അവരുടെ വേതനം നിര്‍ണയിച്ചിരുന്നത്. വര്‍ക്കിങ്ങ് ജര്‍ണലിസ്റ്റ്‌സ് ആക്റ്റില്‍ വരുത്തിയ ഭേദഗതിയിലൂടെയാണ് ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കിയത്. നിയമത്തിന്റെ പേരില്‍ മാറ്റം വരുത്തി. നോണ്‍ ജേണലിസ്റ്റ്കളുടെ വേതനനിര്‍ണയവും വേജ്‌ബോര്‍ഡിന് വിട്ടുകൊടുക്കുന്ന ഭേദഗതി ഉള്‍പ്പെടുത്തുകയും ചെയതു. 

തുടര്‍ന്ന് എല്ലാതവണയും ഒരേ ഉത്തരവിലൂടെ, ഒരേ അദ്ധ്യക്ഷന് കീഴില്‍ രണ്ടു വേജ്‌ബോര്‍ഡുകളെ നിയോഗിച്ചാണ് പത്രപ്രവര്‍ത്തകരുടെയും പത്രജീവനക്കാരുടെയും ശമ്പളപരിഷ്‌കരണശുപാര്‍ശ നല്‍കിവരുന്നത്. വേജ് ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന ശമ്പളസ്‌കെയിലുകള്‍ കേന്ദ്രതൊഴില്‍വകുപ്പ്  ഉത്തരവിലൂടെ നടപ്പാക്കുകയാണ് ചെയ്യാറുള്ളത്. കേന്ദ്രസര്‍ക്കാറിന്റെ വിജ്ഞാപനം നടപ്പിലാക്കാത്ത സ്ഥാപനങ്ങളെ ശിക്ഷിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വേജ്‌ബോര്‍ഡുകളെ നിയോഗിച്ച് ശമ്പളപരിഷ്‌കരണം നടപ്പാക്കണം എന്നായിരുന്നു നിയമത്തിലുണ്ടായിരുന്ന വ്യവസ്ഥ. ഇടക്കാലത്ത് കൊണ്ടുവന്ന ഭേദഗതി, ആവശ്യമാണെന്ന് തോന്നുമ്പോഴെല്ലാം വേജ്‌ബോര്‍ഡിനെ നിയമിക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കി. പ്രത്യക്ഷത്തില്‍ ഇത് പത്രജീവനക്കാര്‍ക്ക് അനുകൂലയായ നടപടിയാണ് എന്ന് തോന്നാം. പക്ഷെ, ഫലത്തില്‍ വേജ്‌ബോര്‍ഡ് നിയമനം അനിശ്ചിതമായി നീണ്ടുപോകുകയും ശമ്പളപരിഷ്‌കരണം നടപ്പാകാതിരിക്കുകയുമാണ് ചെയ്യുന്നത്. പത്തുവര്‍ഷത്തിലൊരിക്കല്‍ പോലും ശമ്പളപരിഷ്‌കരണം നടപ്പാകുന്നില്ലെന്ന് പത്രജീവനക്കാര്‍ പരാതിപ്പെടുന്നു.

തൊഴില്‍സമയത്തിന്റെ കാര്യത്തിലും വര്‍ക്കിങ്ങ് ജേണലിസ്റ്റ്‌സ് ആക്റ്റ് പ്രത്യേകപരിഗണന പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ട്. തുടര്‍ച്ചയായ നാലു ആഴ്ചകള്‍ക്കകത്ത് മൊത്തം 144 മണിക്കൂറില്‍ കൂടുതല്‍ സമയം പത്രപ്രവര്‍ത്തകനെ ജോലിചെയ്യിക്കാനോ ജോലിചെയ്യാന്‍ അനുവദിക്കാനോ പാടില്ലെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഭക്ഷണസമയം ഇതില്‍പെടില്ല. ഏഴ് പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ തുടര്‍ച്ചയായി 24 മണിക്കൂറില്‍ കുറയാത്ത സമയം വിശ്രമം അനുവദിക്കേണ്ടതുമാണ്.

വര്‍ക്കിങ്ങ് ജേണലിസ്റ്റുകളെ മറ്റ് തൊഴിലാളിവിഭാഗങ്ങളില്‍ നിന്ന് പല കാര്യങ്ങളിലും നിയമം വ്യത്യസ്തരായി കാണുന്നുണ്ട്. തൊഴിലിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ പ്രാധാന്യവും ഉത്തരവാദിത്തവും പരിഗണിച്ചാണ് ഈ പ്രത്യേകതകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗ്രാറ്റ്വിറ്റി നല്‍കുന്ന കാര്യമാണ് അതിലൊന്ന്. മനസാണ്‍ണ്‍ക്ഷിക്കൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് കൊണ്ട് ജോലി ഉപേക്ഷിക്കേണ്ടിവരുന്ന വര്‍ക്കിങ്ങ് ജേണലിസ്റ്റിന് ഗ്രാറ്റ്വിറ്റി നല്‍കണമെന്ന് വര്‍ക്കിങ്ങ് ജേണലിസ്റ്റ്‌സ് ആക്റ്റ് നിര്‍ദ്ദേശിക്കുന്നുണ്ട്.

വര്‍ക്കിങ്ങ് ജേണലിസ്റ്റ്‌സ് ആക്റ്റിലെ വ്യവസ്ഥകളനുസരിച്ചു തന്നെയാണ് പത്രസ്ഥാപനങ്ങളില്‍ കാര്യങ്ങള്‍ നടക്കുന്നത് എന്നുറപ്പ് വരുത്താന്‍ സംസ്ഥാനങ്ങളില്‍ ന്യൂസ്‌പേപ്പര്‍ ഇന്‍സ്‌പെക്റ്റര്‍മാരെ നിയമിക്കാന്‍ പ്രസ്തുതനിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമവ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകളെ ശിക്ഷിക്കുന്നതിനും-ശിക്ഷ നാമമാത്രമാണെങ്കിലും-നിയമത്തില്‍ വ്യവസ്ഥയുണ്ട്.

പത്രഉടമകളുടെ മാത്രം സ്വാതന്ത്ര്യമല്ല

പത്രസ്വാതന്ത്ര്യം പത്രഉടമകളുടെ മാത്രം സ്വാതന്ത്ര്യമല്ല എന്ന വലിയ തത്ത്വം ഉയര്‍ത്തിപ്പിടിക്കുന്നതാണ് വര്‍ക്കിങ്ങ് ജേണലിസ്റ്റ്‌സ് ആക്റ്റ്. അതുകൊണ്ടുതന്നെ സ്വാഭാവികമായും പത്രവ്യവസായികള്‍ക്ക് ഈ നിയമത്തോട് ഒട്ടും താല്‍പ്പര്യമില്ല. വര്‍ക്കിങ്ങ് ജേണലിസ്റ്റ്‌സ് ആക്റ്റ് തന്നെ പത്രസ്വാതന്ത്ര്യത്തിന് എതിരാണെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചുപോന്നത്. വേജ് ബോര്‍ഡ് എന്ന സങ്കല്‍പ്പത്തെ അവര്‍ അംഗീകരിച്ചിട്ടില്ല. തങ്ങള്‍ നിയമിക്കുന്ന ജീവനക്കാര്‍ക്ക് എന്ത് വേതനം നല്‍കണമെന്ന് തങ്ങള്‍തന്നെയാണ് തീരുമാനിക്കേണ്ടതെന്ന നയത്തില്‍ അവര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. നിയമപരമായി രൂപം കൊള്ളുന്ന സ്ഥാപനമായതുകൊണ്ട് അവര്‍ വേജ്‌ബോര്‍ഡുമായി സാങ്കേതികമായി സഹകരിക്കാറുണ്ടെന്നേയുള്ളൂ.

ആഗോളവല്‍ക്കരണത്തിന്റെ കാലമായതോടെ ഇതുസംബന്ധിച്ച സംഘര്‍ഷങ്ങള്‍ ഒന്നുകൂടി കര്‍ക്കശമായിട്ടുണ്ട്. പൊതുവായ തൊഴില്‍നിയമങ്ങള്‍ക്ക് തന്നെ പ്രസക്തിയില്ലെന്നും വിപണിയാണ് നിയമനവ്യവസ്ഥകള്‍ നിര്‍ണയിക്കേണ്ടതെന്നുമുള്ള തത്ത്വശാസ്ത്രം മാധ്യമരംഗത്തും സ്വാധീനം ചെലുത്തുന്നുണ്ട്. വര്‍ക്കിങ്  ജേണലിസ്റ്റ് എന്ന തൊഴിലിന്റെ നിര്‍വചനപരിധിക്കകത്ത് വരുമെങ്കിലും കോണ്‍ട്രാക്റ്റ് പത്രപ്രവര്‍ത്തകനിയമനങ്ങള്‍ ഈ രംഗത്ത് വ്യാപകമായിട്ടുണ്ട്. ശമ്പളസ്‌കെയില്‍, തൊഴില്‍സമയം, ലീവ് നിയമം, റിട്ടയര്‍മെന്റ് ആനുകൂല്യം തുടങ്ങിയ  വ്യവസ്ഥകള്‍ പലതും ഇക്കാരണത്താല്‍ പ്രായോഗികമല്ലാതാവുകയാണ്. വര്‍ക്കിങ്‌ജേണലിസ്റ്റ് ആക്‌ററിനെ തന്നെ കിട്ടുന്ന ആദ്യസന്ദര്‍ഭത്തില്‍ കുഴിച്ചുമൂടാന്‍ തയ്യാറാണ് തൊഴിലുടമകള്‍.


                   ************
അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്