sidhikk kaappan സിദ്ധിക്ക് കാപ്പന്റെ ''രാജ്യദ്രോഹപ്രവര്‍ത്തനം''


 സിദ്ധിക്ക് കാപ്പന്റെ 'രാജ്യദ്രോഹപ്രവര്‍ത്തനം'ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ സിദ്ധിക്ക് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത് അദ്ദേഹം ഉത്തരപ്രദേശിലെ ഹത്രാസ്സിലേക്കു പോകുംവഴിക്കാണ്. ഒരുപാട് പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഹത്രാസിലേക്കു പോയിട്ടുണ്ട്. അവരെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ലല്ലോ സിദ്ധിക്കിനെ മാത്രം എന്തു കൊണ്ട് അറസ്റ്റ് ചെയ്തു എന്ന ചോദ്യം, കാപ്പനെ അറസ്റ്റ് ചെയ്യാനും രാജ്യദ്രോഹക്കേസ്സില്‍ പെടുത്താനും മതിയായ എന്തോ കാരണമുണ്ടെന്നതിന്റെ സൂചനയായി ചില 'രാജ്യസ്‌നേഹികള്‍' ഉന്നയിക്കുന്നുണ്ട്. വേറെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നതിന് എന്താണ് തെളിവ്? ഹത്രാസിലേക്കു പോയ ദേശീയനേതാക്കളെപ്പോലും തടയുകയും തള്ളിയിടുകയും മടക്കി അയക്കുകയുമൊക്കെ ചെയ്തത് വാര്‍ത്തയാകുന്നുണ്ട്. സിദ്ധിക്ക് മലയാളിയായതു കൊണ്ടാണ് അദ്ദേഹത്തിന്റെ അറസ്റ്റ് ചെറിയ വാര്‍ത്തയായെങ്കിലും ഇവിടെ വന്നത്. ദേശീയ മാധ്യമങ്ങള്‍ക്ക് ഹത്രാസ് ഒരു സംഭവമേ അല്ലല്ലോ.


ദല്‍ഹിയില്‍നിന്നു ഒരു മുസ്ലിം പത്രപ്രവര്‍ത്തകന്‍ രണ്ടോ മൂന്നോ മുസ്ലിം  യുവാക്കള്‍ക്കൊപ്പം ഹത്രാസിലേക്കു പുറപ്പെട്ടു എന്നതുതന്നെ യോഗിയുടെ പൊലീസില്‍ സംശയമുണര്‍ത്തുന്ന കാര്യമാണ്്. അവിടെ ദലിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ആ പെണ്‍കുട്ടിയുടെ മരണം പീഡനം കൊണ്ടല്ലെന്നും മൃതദേഹം കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ട ഒരു കാര്യവുമില്ലെന്നും വായനക്കാരെ ബോധ്യപ്പെടുത്താനാവില്ലല്ലോ അവര്‍ അങ്ങോട്ടുപോകുന്നുത്. അതു കൊണ്ടുതന്നെ പൊലീസ് അവരെ ആദ്യം തടഞ്ഞുവെച്ചു. പിറ്റേന്ന് അവര്‍ ജാമ്യത്തില്‍ ഇറങ്ങിയേക്കും എന്നു തോന്നിയപ്പോള്‍ യു.എ.പി.എ ചുമത്തി, അതും പോരാഞ്ഞിട്ട്് രാജ്യദ്രോഹക്കുറ്റവും ചുമത്തി. ഇനി ഏത് കൊലകൊമ്പന്‍ കപില്‍ സിബല്‍ വന്നാലും ജയിലില്‍നിന്ന് ഇറങ്ങുക എളുപ്പമല്ല. കാരണം, ഈ രണ്ട് കുറ്റങ്ങളും നോണ്‍ ബെയ്‌ലബ്ള്‍ ആണ്, ജാമ്യം കിട്ടുക ദുഷ്‌കരമാണ്.  


സിദ്ധിക്ക് കാപ്പനും ഒപ്പംഉണ്ടായിരുന്നവരുമെല്ലാം പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആണെന്ന് ഹിന്ദുത്വപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്്. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട പാര്‍ട്ടിയല്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയബന്ധം ഉണ്ടാകരുത് എന്നൊരു നിയമവും നാട്ടിലില്ല, അങ്ങനെയൊരു മാധ്യമധാര്‍മിക വ്യവസ്ഥയും ഇല്ല. പാര്‍ട്ടി പ്രചാരണമാണ് പല പത്രങ്ങളുടെ പ്രഖ്യാപിത നയംതന്നെ. മതംപ്രചരിപ്പിക്കുന്നതും കുറ്റമല്ല. കേരളത്തിലെ ജനംടി.വി/ ജന്മഭൂമി മാധ്യമ പ്രവര്‍ത്തകര്‍ രണ്ട് ന്യായീകരണങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഒന്ന്, ഇവരുടെ പക്കല്‍നിന്ന് വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന ലഘുലേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട്, ഇവര്‍ യു.പി യിലുടനീളം വര്‍ഗീയ കലാപം സംഘടിപ്പിക്കാന്‍ വേണ്ടിയാണ് കാറില്‍ പുറപ്പെട്ടത്. രണ്ടിന്റെയും തെളിവ് അവര്‍ കണ്ടിട്ടില്ല, കോടതിയില്‍ ഹാജരാക്കിയിട്ടുമില്ല. മലയാളിയായ ഒരു പത്രപ്രവര്‍ത്തകനും മൂന്നു വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഉത്തരപ്രദേശില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ പുറപ്പെട്ടു എന്നു ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ പരിഹാസ്യത ഏതു യു.പി പൊലീസുകാരനു പോലും മനസ്സിലാകും. എന്നിട്ടും, അവര്‍ അതാണ് ചെയ്യുന്നത്.


1967 മുതല്‍ നിലനില്‍ക്കുന്ന യു.എ.പി.എ നിയമത്തില്‍ 2019-ല്‍ വരുത്തിയ ഭേദഗതിയാണ് ഇപ്പോള്‍ രാജ്യത്തുടനീളം ഗവണ്മെന്റുകള്‍ ദുരുപയോഗപ്പെടുത്തുന്നതായി ആക്ഷേപമുയര്‍ന്നിട്ടുള്ളത്. നേരത്തെ ഭീകരസംഘടനകള്‍ മാത്രമാണ് നിയമത്തിന്റെ പരിധിയില്‍ വന്നിരുന്നത്. കഴിഞ്ഞ വര്‍ഷം വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാമെന്ന ഭേദഗതി വന്നു. 2010-നും 14-നും ഇടയില്‍ ഈ നിയമപ്രകാരം ഒരാള്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2017-ല്‍ ഉത്തരപ്രദേശില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ വന്ന് ഒരു വര്‍ഷത്തിനകം അവിടെ 382 പേരാണ് ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. 2008 നവ. 26ന്് മുംബൈ ടാജ് ഹോട്ടല്‍ ആക്രമിക്കപ്പെട്ടതിനു ശേഷം ഭീകരാക്രമണങ്ങള്‍ പരമാവധി തടയപ്പെട്ടതാണ്. 2014-നു ശേഷം ഭീകരാക്രമണമൊന്നും ഇല്ലാതെതന്നെ യു.എ.പി.എ അറസ്റ്റ് നിത്യസംഭവമായി. 2014-ല്‍ 976, 2015-ല്‍ 897, 2016-ല്‍ 922, 2017-ല്‍ 901, 2018ല്‍ 1182 എന്ന തോതില്‍ യു.എ.പി.എ പ്രകാരംഅറസ്റ്റുകള്‍ ഉണ്ടായി എന്നാണ് എന്‍.സി.ആര്‍.ബി കണക്ക്്. യു.എ.പി.എ/ സെഡിഷന്‍ നിയമങ്ങളനുസരിച്ചുള്ള അറസ്റ്റില്‍ തെളിവുശേഖരണത്തിനും മറ്റും പ്രോസിക്യൂഷന് ഇഷ്ടം പോലെ സമയമെടുക്കാം. സാധാരണഗതിയില്‍ ജാമ്യം കിട്ടാത്ത-നോണ്‍ ബെയ്‌ലബ്ള്‍ -കുറ്റങ്ങളാണ് അവ.


കൊടുംകുറ്റവാളികള്‍ക്കുപോലും ജയിലില്‍ നിയമസഹായം തേടാനുള്ള സൗകര്യം ലഭിക്കാറുണ്ട്. നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഒരിക്കലും അതു നിഷേധിക്കപ്പെട്ടുകൂടാത്തതാണ്. സിദ്ധിക്കിനും ഒപ്പമുള്ളവര്‍ക്കും ആ നിയമസഹായം നിഷേധിക്കപ്പെട്ടു. അഭിഭാഷകനെ കാണാന്‍ ജയിലില്‍ അനുമതി നിഷേധിച്ചു. ഇതെഴുതുമ്പോഴും അതു ലഭിച്ചിട്ടില്ല. സിദ്ധിക്ക് കാപ്പനെ വിടുവിക്കാന്‍ വേണ്ടി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പായത് ഹരജി യു.പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതി എന്ന് നിര്‍ദ്ദേശിച്ചുകൊണ്ടാണ്. എന്നാല്‍, അഭിഭാഷകര്‍ക്കാര്‍ക്കും സിദ്ധിക്കിനെ കാണാന്‍ അനുമതി ലഭിക്കാത്തതുകൊണ്ട് വീണ്ടും സുപ്രിംകോടതിയെ സമീപിക്കേണ്ടി വന്നു. കുറ്റവാളികള്‍ ആരാണ്, നിയമപാലകര്‍ ആരാണ് എന്നു പോലും സംശയിച്ചുപോകുന്ന അവസ്ഥ.


സിദ്ധിക്ക്് കാപ്പനും കൂട്ടുകാരും ഡല്‍ഹിയില്‍നിന്നു പുറപ്പെടുംവരെ അവര്‍ക്കെതിരെ ഒരു കേസ്സും ആക്ഷേപവും ഉണ്ടായിരുന്നില്ല. ഇന്നു അവരെ തള്ളിപ്പറയുന്നവരില്‍ ഡല്‍ഹിയിലെ ഏതാനും പത്രപ്രവര്‍ത്തകരും ഉണ്ടെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിദ്ധിക്ക് തീവ്രവാദിയാണ് എന്നു അവര്‍ക്കും, മുന്‍പൊന്നും തോന്നിയിട്ടില്ല. ഒരു പോപ്പുലര്‍ ഫ്രണ്ടു പ്രവര്‍ത്തകനെ ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകയൂണിയന്‍ ഘടകം അതിന്റെ സിക്രട്ടറിയായി തിരഞ്ഞെടുക്കുമായിരുന്നോ? സിദ്ധിക്ക് കാപ്പന്‍ എന്തിന് പത്രപ്രവര്‍ത്തകരല്ലാത്ത വ്യക്തികളെ ഇത്തരമൊരു യാത്രയില്‍ ഒപ്പം കൂട്ടി എന്നും അവര്‍ ചോദിക്കുന്നുണ്ട്. അദ്ദേഹം താമസിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലാണ്, അദ്ദേഹം അവരുടെ ഓഫീസ് സിക്രട്ടറിയാണ്  തുടങ്ങിയ ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സത്യമാണ് എന്നും അദ്ദേഹം പോപ്പുലര്‍ ഫ്രണ്ടുകാരന്‍ തന്നെയാണ് എന്നു തെളിയിക്കപ്പെട്ടാലും പൊലീസ് നടപടി ശരിയോ നിയമപരമോ ആവുന്നില്ല. ദേശീയരാഷ്ട്രീയത്തില്‍ അലയൊലികള്‍ ഉണ്ടാക്കിയ ഒരു സംഭവത്തിന്റെ പശ്ചാത്തലം അന്വേഷിക്കാനും സംഭവസ്ഥലം കാണാനും പത്രപ്രവര്‍ത്തകന് അവകാശമുണ്ട്. സിദ്ധിക്ക് കാപ്പന്‍ മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണ്.


മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണങ്ങള്‍ക്ക് നിയമസംരക്ഷണം ആവശ്യമാണ് എന്ന സുപ്രധാനമായ പ്രശ്‌നത്തിലേക്ക് വിരല്‍ചൂണ്ടുന്നതുകൂടിയാണ് ഈ സംഭവം. മാധ്യമസ്വാതന്ത്ര്യം അഭിപ്രായപ്രകടന സ്വാതന്ത്ര്യം തന്നെയാണ് എന്ന ഭരണഘടനാ വ്യാഖ്യാനമുണ്ടെങ്കിലും അഭിപ്രായം പറയാനാവശ്യമായ വിവരശേഖരണത്തിന് ഒരു നിയമത്തിന്റെയും പിന്‍ബലമില്ല. ഒരു മാധ്യമപ്രവര്‍ത്തകന്റെ തൊഴിലവകാശം കൂടി മൗലികാവകാശത്തില്‍ പെടേണ്ടതാണ്. മറിച്ച് തെളിയിക്കപ്പെടുന്നതു വരെ വിവരശേഖരണവുമായി ബന്ധപ്പെട്ടുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ നടപടികള്‍ക്ക് നിയമപരമായ പിന്‍ബലം നല്‍കേണ്ടതുണ്ട്. സംശയത്തിന്റെ ആനുകൂല്യം നല്‍കിയേ അയാളുടെ നടപടികളെ നിയമപാലകര്‍ കാണാന്‍ പാടുള്ളൂ. ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ പോലും രാഷ്ട്രീയ യജമാനന്മാരുടെ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി തൊഴില്‍രംഗത്തെ സഹപ്രവര്‍ത്തകരെ ഒറ്റുകൊടുക്കുകയും ഹീനമായി അവഹേളിക്കുകയും ചെയ്യുന്നത് നമ്മുടെ നാട്ടിലേ കാണൂ.


രാജ്യത്തുടനീളം യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് സംസ്ഥാന ഭരണകക്ഷികള്‍ എതിരാളികളെ ജയിലടക്കുകകയാണ്. കേരളത്തിലാണ് ഇതിലേറ്റവും ഭീകരമായ ഒരനുഭവം ഉണ്ടായത്. സി.പി.എം പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്,  യു.എ.പി.എ വകുപ്പുകള്‍ ചുമത്തി പാര്‍ട്ടിയുടെ ഭരണകൂടംതന്നെ തടവിലാക്കി. ഒടുവില്‍  താത്വികാചാര്യന്മാരായ ഭരണാധികാരികളെ എന്താണ് നിയമം എന്നു പഠിപ്പിക്കാന്‍ എന്‍.ഐ.എ കോടതി വേണ്ടിവന്നു. സിദ്ധിക്ക് കാപ്പന്റെ കാര്യത്തില്‍ സംസ്ഥാന മുഖ്യമന്ത്രി ഇടപെടണം എന്നാരോ അഭ്യര്‍ത്ഥിച്ചതായി കേട്ടു. നല്ല തമാശ. സംസ്ഥാന മുഖ്യമന്ത്രി അലന്‍-താഹ അറസ്റ്റ് വിഷയത്തില്‍ എടുത്ത അതേ നിലപാടാണ്, അതേ ഭാഷയാണ് സിദ്ധിക്കിന്റെ കാര്യത്തില്‍ ബി.ജെ.പി.യും അവരുടെ മാധ്യമങ്ങളും സ്വീകരിക്കുന്നത്. എതിര്‍പക്ഷത്ത് നില്‍ക്കുന്ന ആരെയും മാവോയിസ്റ്റ്-മുസ്ലിം തീവ്രവാദി മുദ്രകുത്തി തടവിലാക്കാന്‍ ഏതു നിയമത്തെയും ദുര്‍വ്യാഖ്യാനം ചെയ്യാം, എന്തു തെളിവും പടച്ചുണ്ടാക്കാം.  


നിരവധി വര്‍ഗ്ഗീയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നുണ്ട്് എന്നത് സത്യമാണ്. ഒരുപാട് വെല്ലുവിളികള്‍ നേരിടുന്ന മുസ്ലിം സമൂഹത്തെ കൂടുതല്‍ വലിയ അപായങ്ങളിലേക്ക് തള്ളിയിടുകയാണ് പോപ്പുലര്‍ ഫ്രണ്ട്  പോലുള്ള സംഘടനകള്‍ ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തുന്ന, ജനാധിപത്യവ്യവസ്ഥ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ മാത്രം നിര്‍വഹിക്കുന്ന സാധാരണ മനുഷ്യരെ ഭീകരപ്രവര്‍ത്തകന്‍ എന്നു മുദ്രകുത്തി, ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തി തടവിലിടുന്നതും നിയമസഹായം പോലും നിഷേധിക്കുന്നതും മനുഷ്യത്വരഹിതമായ ഭരണകൂട ഭീകരപ്രവര്‍ത്തനമാണ്. 85 വയസ്സുള്ള ക്രൈസ്തവ പുരോഹിതനും ഈശോ സഭ-ദലിത് മനുഷ്യാവകാശപ്രവര്‍ത്തകനുമായ സ്റ്റാന്‍സ്വാമിയോടു കാട്ടുന്ന ക്രൂരതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതത്രയൊന്നും ഭീകരമല്ല എന്നു ആശ്വസിക്കാമെന്നു മാത്രം.


പാഠഭേദം മാസികയിലെ 2020 നവംബര്‍ ലക്കത്തിലുള്ളത്അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

മാധ്യമങ്ങള്‍ വളര്‍ത്തുന്ന യുദ്ധഭ്രാന്ത്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്