ടി.ആര്‍.പി. തട്ടിപ്പ്അങ്ങാടിപ്പാട്ടായ ചാനല്‍ രഹസ്യം

എല്ലാ അഴിമതികളെയും തെറ്റുകുറ്റങ്ങളെയും ജനങ്ങള്‍ക്കു വേണ്ടി തുറന്നു കാട്ടുന്നു എന്ന് അവകാശപ്പെടുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് സിംഹങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെന്താണ്?  കുറച്ചായി ഇന്ത്യന്‍ വാണിജ്യതലസ്ഥാനത്തെ ചര്‍ച്ച ഇതാണ്. വന്‍കിട ദൃശ്യമാധ്യമങ്ങള്‍ തങ്ങളുടെ പരസ്യവരുമാനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി വന്‍കിട കമ്പനികളെപ്പോലും വഞ്ചിക്കുകയായിരുന്നു. ഒപ്പം അവര്‍, തങ്ങളുടെ സഹജീവികളായ മറ്റ് ദൃശ്യമാധ്യമങ്ങളെയും വഞ്ചിക്കുകയായിരുന്നു.  

അര്‍ണാബ് ഗോസ്വാമി


ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം സ്വകാര്യസ്ഥാപനങ്ങളുടെ ആകെ പരസ്യച്ചെലവിന്റെ 37 ശതമാനം ടെലിവിഷന്‍ ചാനലുകള്‍ക്കാണ് ലഭിച്ചത്. 25,000 കോടി രൂപ വരുമിത്. ഇന്ത്യയിലാകെയുള്ള ആയിരത്തോളം ചാനലുകളുടെയും മുഖ്യവരുമാനമാര്‍ഗമാണിത്. കേബ്ള്‍ വഴി കിട്ടുന്നത് കുറവാണ്. മിക്കതും സൗജന്യവിതരണമാണ്. പരസ്യത്തിന്റെ തോതും നിരക്കും നിശ്ചയിക്കുന്നത്് എത്ര വീടുകളില്‍ എത്ര നേരം ഏത് ചാനലുകള്‍ കാണുന്നു എന്നു നോക്കിയാണ്. 45000 വീടുകള്‍ തിരഞ്ഞെടുത്ത് അവിടത്തെ ടി.വി.കളില്‍ ഘടിപ്പിച്ച നിരീക്ഷണയന്ത്രം നോക്കിയാണ് ഇത് തീരുമാനിക്കുക. ഏതെല്ലാം വീടുകളിലാണ് ഈ അളവുയന്ത്രം ഘടിപ്പിച്ചിട്ടുള്ളതെന്നത് രഹസ്യമാണ്- എന്നാണ് സങ്കല്‍പ്പം. പക്ഷേ, രഹസ്യമായിരുന്നില്ലെന്നതാണ് സത്യം. ചില ചാനലുകള്‍ ഈ വീടുകളുടെ പട്ടിക കൈവശപ്പെടുത്തുകയും ആ വീടുകളുമായി ബന്ധപ്പെട്ട് എന്തെങ്കില്‍ അഞ്ഞൂറോ ആയിരമോ മാസംതോറും നല്‍കി തങ്ങളുടെ ചാനലുകള്‍ കൂടുതല്‍ കാണാനോ കാണാത്ത സമയത്തും അതു തുറന്നുവെക്കാനോ ആവശ്യപ്പെടും എന്നായിരുന്നു തട്ടിപ്പിന്റെ രീതി.  


കുറച്ചായി ഇതൊന്നും രഹസ്യമില്ല. വാര്‍ത്താ ചാനലിനും വിനോദ ചാനലിനും വെവ്വേറെ സംവിധാനമില്ല. വാര്‍ത്തയാണ് വലിയ വിനോദം എന്ന് വാര്‍ത്താചാനല്‍ നടത്തിപ്പുകാര്‍ തെളിയിച്ചിട്ടുണ്ട്. ദേശീയ ചാനലുകള്‍ എന്നറിയപ്പെടുന്ന ഏതാനും ഇംഗ്ലീഷ് ചാനലുകള്‍-അതില്‍ മുന്നില്‍ നിന്നിരുന്നത്  അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍-നടത്തിക്കൊണ്ടിരിക്കുന്ന ഈ കൃത്രിമങ്ങള്‍ക്കെതിരെ  മുംബൈ പൊലീസ് കേസ്സെടുത്തതാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. കേസ്സെടുത്തതും അത്ര നിഷ്‌കളങ്ക നടപടിയായിരുന്നില്ല.  ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണം ഉപയോഗിച്ച് ചാനലുകള്‍ നടത്തിപ്പോന്ന ഹീനമായ മത്സരവും അതില്‍ റിപ്പബ്ലിക് ചാനല്‍ മുംബൈ പൊലീസിന് എതിരെ നടത്തിയ കടന്നാക്രമണവുമാണ് അവരെ പ്രകോപിപ്പിച്ചത്. നാടകീയ കള്ളക്കഥകള്‍ ചമച്ച് ജനങ്ങളെ ടെലിവിഷനു മുന്നില്‍ പിടിച്ചിരുത്തുന്നതില്‍ മത്സരിക്കുകയായിരുന്നല്ലോ ഈ ചാനലുകളെല്ലാം. മഹാരാഷ്ട്ര സര്‍ക്കാര്‍ കൊലയാളികളെ രക്ഷിക്കുന്നു എന്നു അലറിവിളിക്കുകയായിരുന്നു റിപ്പബ്ലിക് ചാനലും അതിന്റെ തലവന്‍ അര്‍ണബും. രാവും പകലും ആ ടി.വി.യില്‍ ഇതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വാഗ്വാദങ്ങളും ബഹളങ്ങളുമാണ് കുറെക്കാലം കേട്ടിരുന്നത്. മരണവുമായി ബന്ധപ്പെട്ട  എന്തെങ്കിലുംവാര്‍ത്ത അവര്‍ ഓരോ ദിവസവും കണ്ടെത്തും. സത്യവുമായി ഒന്നിനും ബന്ധമുണ്ടാകണം എന്നില്ല. ജനങ്ങളും ഇതിനു ചുറ്റും കുത്തിയിരിക്കും. പിന്നെന്തു വേണം!


ആളെക്കൂട്ടാന്‍ എന്തു ചെയ്യാനും തയ്യാറുള്ളവര്‍ക്കേ ചാനല്‍ നടത്താനാവൂ എന്ന ദുസ്ഥിതി ഈ രംഗത്തണ്ട്. അര്‍ണാബ് ഗോസ്വാമിയോളം പോകാനുള്ള ചങ്കൂറ്റമോ ദുഷ്ടബുദ്ധിയോ ഇല്ലാത്തവര്‍ തോല്‍വി സമ്മതിച്ചു പിന്‍വാങ്ങുകയേ തീരൂ. കോവിഡ് ലോക്്ഡൗണ്‍ തുടങ്ങിയ ഘട്ടത്തില്‍ തബ്ലീഗ് ജമാഅത് എന്ന സംഘടനക്കാര്‍ ബോധപൂര്‍വം കൊറോണരോഗം പരത്തുന്നു എന്ന ഒറ്റയിനം വിദ്വേഷവിഷം പരത്തുകയായി അര്‍ണബിന്റെ ചാനല്‍.  അതു മടത്തു തുടങ്ങിയപ്പോഴാണ് നടന്റെ മരണം വീണുകിട്ടിയത്.  അദ്ദേഹത്തെ കൊന്നതല്ല, അദ്ദേഹം ആത്മഹത്യ ചെയ്തതാണ് എന്ന് ലോകത്തിനു മുഴുവന്‍ ബോധ്യപ്പെട്ടാലും അര്‍ണാബിന് ബോധ്യപ്പെടാന്‍ ഇടയില്ല. കാരണം, അവിടെയാണ് ഊറ്റിക്കുടിക്കാനുള്ള രക്തം ഇപ്പോഴും ബാക്കിയുള്ളത്. 


ടെലിവിഷന്‍ റെയ്റ്റിങ് പോയിന്റസ് ( ടി.ആര്‍.പി ) കണ്ടെത്തുന്നതിനുള്ള സാമ്പിള്‍ വ്യൂവര്‍ പരിശോധന നടത്തുന്നത് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച്്( ബി.എ.ആര്‍.സി)  എന്ന  സ്ഥാപനമാണ്. 2001-ല്‍ തുടങ്ങിയിരുന്നു ചാനലുകള്‍ തമ്മിലുള്ള ടി.ആര്‍.പി യുദ്ധം. 2017 മെയില്‍ റിപ്പബ്ലിക് ടി.വി. തുടങ്ങിയതോടെ അത് മൂര്‍ദ്ധന്യത്തിലെത്തി. ആ ചാനലിന്റെ ടി.ആര്‍.പി തട്ടിപ്പുകള്‍ക്കെതിരെ നടപടി എടുക്കുന്നില്ല എന്ന് ആക്ഷേപിച്ച് ഇന്ത്യ ടുഡെ ചാനല്‍ 2018-ല്‍ ബി.എ.ആര്‍.സി.യില്‍ നിന്നു പിന്‍വാങ്ങിയിരുന്നു. ചാനല്‍ സ്ഥാപനങ്ങളുടെ സംഘടനയായ ദ് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ ടെലികോം റഗുലേറ്ററി അതോറിറ്റിക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയതാണ്.നടപടിയൊന്നുമുണ്ടായില്ല. എല്ലാവര്‍ക്കും ഈ സംവിധാനത്തെക്കുറിച്ച് പരാതികളുണ്ട്. ഒട്ടും ശാസ്ത്രീയമല്ലാത്ത, ആര്‍ക്കും ഇടപെട്ട് തെറ്റായ ഫലങ്ങള്‍ ഉണ്ടാക്കാവുന്ന ഇത്തരമൊരു സമ്പ്രദായത്തെ എന്തിന് ആയിരക്കണക്കിന് കോടി രൂപയുടെ പരസ്യം കൊടുക്കുന്ന വന്‍വ്യവസായികള്‍ ആശ്രയിക്കുന്നു എന്ന ചോദ്യം അവശേഷിക്കുന്നു. ചാനല്‍ കുതന്ത്രങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക ഇതിനേക്കാള്‍ വിഷമമേറിയതാണ്, അവരുമായി നിരന്തരയുദ്ധത്തിലേര്‍പ്പെടുക അപകടകരമാണു താനും.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്