്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്
മുഖ്യശത്രുവാണെങ്കിലും കോണ്‍ഗ്രസ്സിനു സി.പി.എമ്മിന്റെ ആദര്‍ശശുദ്ധിയില്‍ നല്ല വിശ്വാസമായിരുന്നു എന്നു വേണം കരുതാന്‍. കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടിയെ എല്‍.ഡി.എഫില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതുവരെ ആ വിശ്വാസം നിലനിന്നു. കെ.എം.മാണിയുടെ പാര്‍ട്ടി, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന അഞ്ചു വര്‍ഷം കൊണ്ട് ഉണ്ടാക്കിയ ചീത്തപ്പേര് ആ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇല്ലാത്തതാണ്. മദ്യക്കോഴയും നോട്ടെണ്ണല്‍ യന്ത്രവും ഉള്‍പ്പെടെ നിരവധി അപവാദങ്ങള്‍...കോടികളുടെ കൊടുക്കല്‍വാങ്ങലുകള്‍.. എല്ലാം തുറന്നുകാട്ടി സി.പി.എം നടത്തിയ സമരങ്ങള്‍ക്കും അണികള്‍ വാങ്ങിക്കൂട്ടിയ ലാത്തിയടികള്‍ക്കും കൈയും കണക്കുമില്ല. ആ കെ.എം. മാണിയെ വിശുദ്ധവേഷം കെട്ടി എല്‍.ഡി.എഫിലേക്കു കൊണ്ടുവരാന്‍ സി.പി.എം തീരുമാനിക്കുന്ന പ്രശ്‌നമില്ല, തീരുമാനിച്ചാല്‍ സി.പി.എം അണികള്‍ അതു സഹിക്കില്ല, അവര്‍ കലാപം ചെയ്യും എന്നെല്ലാം ധരിച്ചിരിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇതില്‍പരം വലിയ ഒരബദ്ധം കോണ്‍ഗ്രസ് നേതൃത്വത്തിനു പറ്റാനില്ല.
മാണിക്കു ശേഷമുള്ള കേരള കോണ്‍ഗ്രസ്സിനെ കോണ്‍ഗ്രസ് ലവലേശം വകവെച്ചിരുന്നില്ല. ജോസ് കെ.മാണി എങ്ങുപോകാന്‍ എന്നവര്‍ പുച്ഛത്തോടെ ചോദിച്ചുകൊണ്ടിരുന്നു. മുന്നണി ഏകോപനസമിതിയില്‍നിന്ന് കേരള കോണ്‍ഗ്രസ്സിനെ നേരത്തെ ഇറക്കിവിടുകയും ചെയ്തിരുന്നു. ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് ചാടുകയും സി.പി.എം അവരെ രക്തഹാരമണിയിച്ച് സ്വീകരിക്കുകയും ചെയ്തപ്പോഴേ കോണ്‍ഗ്രസ്സുകാര്‍ക്ക് ബോധം തെളിഞ്ഞുള്ളൂ. സി.പി.എമ്മും, തങ്ങളെപ്പോലെ അധികാരം നേടാന്‍ ഏതു ചളിക്കുഴിയിലും ഇറങ്ങും എന്നവര്‍ക്ക് അപ്പോഴേ ശരിക്കും ബോധ്യമായുള്ളൂ. ലവലേശം തത്ത്വദീക്ഷയില്ലാത്ത നടപടി ഉണ്ടായിട്ടും സി.പി.എമ്മിനകത്ത് ഒരിലയും ഇളകിയില്ല. ആരും വിമര്‍ശിച്ചതേയില്ല. മുന്‍പ് വിമതശബ്ദമുയര്‍ത്തിയവരുടെ അനുഭവങ്ങള്‍ എല്ലാവരുടെയും മനസ്സിലുണ്ടല്ലോ. പോരാത്തതിന് ഇപ്പോള്‍ യു.എ.പി.എ യും ഉണ്ട്. അതുകൊണ്ട് എല്ലാവരും മൗനം ദീക്ഷിച്ചു. അപശബ്ദമൊട്ടും ഉയര്‍ന്നില്ല. ഭരണത്തുടര്‍ച്ചയുടെ മധുരമനോജ്ഞ നാളുകളിലുണ്ടാകാന്‍ പോകുന്ന മഹാസുഖമോര്‍ത്താവണം അണികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുക.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയത്തിന്റെ പൂര്‍ണകാരണം കേരള കോണ്‍ഗ്രസ്സിന്റെ മുന്നണിമാറ്റമാണ് എന്നു പറയാനാവില്ല. വേറെയും നിരവധി കാരണങ്ങളുണ്ട്. മധ്യകേരളത്തിലെ ക്രിസ്ത്യന്‍ വോട്ട് മാത്രമല്ല ഉത്തരകേരളത്തിലെ കുറെ മുസ്ലിം വോട്ടും ഇടതുപക്ഷത്തേക്കു നീങ്ങി എന്നതും നിഷേധിക്കാന്‍ കഴിയില്ല. മാസങ്ങളായി അലയടിച്ച പിണറായി വിരുദ്ധ മാധ്യമതരംഗം ഇടതുപക്ഷത്തിന്റെ ബലം കുറക്കുകയല്ല കൂട്ടുകയാണ് ചെയ്തത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആടിയുലഞ്ഞ ഇടതുമുന്നണിയാണ് ഇപ്പോള്‍ കരുത്താര്‍ജിച്ച് നെഞ്ചുവിരിച്ച് നിയമസഭ തിരഞ്ഞെടുപ്പിന് പോര്‍വിളി ഉയര്‍ത്തുന്നത്. യു.ഡി.എഫ് ആവട്ടെ, ഇങ്ങനെ ആത്മവിശ്വാസം ലവലേശമില്ലാതെ ഒരു നിയമസഭ തിരഞ്ഞെടുപ്പിനെ മുമ്പൊരിക്കലും നേരിട്ടിരിക്കാന്‍ ഇടയില്ല.
അറിയാതെ സംഭവിച്ച വന്‍ജയം
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തില്‍ യു.ഡി.എഫ് നേതൃത്വം വലിയ പങ്കൊന്നും വഹിച്ചിട്ടില്ലല്ലോ. അത് അവര്‍ അറിയാതെ സംഭവിച്ചതായിരുന്നു. സംസ്ഥാനത്തെയും ദേശീയതലത്തിലെയും സംഭവവികാസങ്ങള്‍ വോട്ടര്‍മാരെ യു.ഡി.എഫ് പക്ഷത്തേക്ക് തള്ളിയിടുകയാണ് ചെയ്തത്. സംഘപരിവാര്‍ രാജ്യഭരണം പിടിക്കുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ പോകട്ടെ, അവരുടെ ശക്തി കുറക്കുകയയെങ്കിലും ചെയ്യാം എന്ന ഒറ്റ ചിന്തയോടെ ന്യൂനപക്ഷ മതവിഭാഗക്കാരും ഇടതു-മതേതര പക്ഷത്തുള്ളവരും കോണ്‍ഗ്രസ്സിനു വോട്ടുചെയ്തു. കേരളത്തിലെ രാഹുല്‍ഗാന്ധി സാന്നിദ്ധ്യം അതിനു ബലമേകി. ശബരിമല തീര്‍ത്ഥാടനപ്രശ്‌നത്തില്‍ സി.പി.എം സ്വീകരിച്ച നിലപാട് വലിയൊരു വിശ്വാസിവിഭാഗത്തെ അമര്‍ഷത്തിലാഴ്ത്തിയിരുന്നു. തെറ്റു ചെയ്താല്‍ മാത്രമല്ല ശരി മോശമായ രീതിയില്‍ ചെയ്താലും അബദ്ധമാവും. ശബരിമല വിഷയത്തില്‍ അങ്കക്കലി ബാധിച്ച് സമനില നഷ്ടപ്പെട്ട് സംസ്ഥാനം മുഴുവന്‍ തെരുവില്‍ പേക്കൂത്തു നടത്തിയ ബി.ജെ.പിക്കു വോട്ട് ചെയ്യാന്‍ ഭക്തരുടെ മനസ്സാക്ഷി സമ്മതിച്ചുകാണില്ല. ഇടതുഭരണത്തെ ഞെട്ടിക്കാന്‍ നല്ലത് യു.ഡി.എഫിന് വോട്ടുചെയ്യുകയാണ് എന്ന് ഹിന്ദുവിശ്വാസികളും നിശ്ചയിച്ചു. 20-ല്‍ പത്തൊമ്പതും സീറ്റ് ജയിച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വം തീര്‍ത്തും 'നിരപരാധി'കളാണ്!
അതല്ല ഇപ്പോഴത്തെ സ്ഥിതി. വലിയ പ്രതിസന്ധിയെ ആണ് കോണ്‍ഗ്രസ് നേരിടുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിനു കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതു പോലെ തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിലെ വന്‍പരാജയത്തിനും കാരണം കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. തെറ്റു കണ്ടെത്തിയാലല്ലേ തിരുത്താന്‍ പറ്റൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പല്ല നിയമസഭ തിരഞ്ഞെടുപ്പ് എന്നു പറയാമെന്നു മാത്രം. ഉറച്ച കക്ഷിവോട്ടിന്റെ തോത് കേരളത്തില്‍ കുറഞ്ഞുവരികയാണ്. അമ്പതിനായിരം വോട്ടുവരെ ഓരോ മണ്ഡലത്തിലും മാറുന്നു എന്നാണ് ചില വോട്ടുകണക്ക് പഠനങ്ങളില്‍ കണ്ടത്. അഞ്ചു വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തിന്റെ കുറ്റവും കുറവുകളും പറയുന്നതുകൊണ്ടുമാത്രം അടുത്ത അഞ്ചു വര്‍ഷം കേരളം ഭരിക്കാന്‍ ജനങ്ങള്‍ യു.ഡി.എഫിനെ ചുമതലപ്പെടുത്തണമെന്നില്ല. വ്യത്യസ്തവും ജനങ്ങള്‍ക്ക് സ്വീകാര്യവുമായ ഒരു നേതൃത്വത്തെയും കര്‍മപദ്ധതിയെയും ജനങ്ങള്‍ക്കു മുന്നില്‍ വെക്കുകയാണ് വേണ്ടത്. അത് ഏതായാലും ഇതുവരെ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ല.
ഏറ്റവും ഗൗരവമുള്ളത് നേതൃത്വപരമായ പ്രശ്‌നങ്ങളാണ്. രമേശ് ചെന്നിത്തലയെ മുന്നില്‍നിര്‍ത്തി ഇതാണ് ഞങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നു ഉറക്കെ വിളിച്ചുപറയാന്‍ യു.ഡി.എഫിനു ധൈര്യം പോര. 2011-ലെ അവസ്ഥയല്ല ഇന്നുള്ളത്. അന്ന്, അങ്ങനെ പറയാതെ പറഞ്ഞുകൊണ്ടാണ് യു.ഡി.എഫ് ഉമ്മന്‍ചാണ്ടിയിലേക്ക് ജനശ്രദ്ധ തിരിച്ചത്. സ്വാഭാവികമായ ഭരണവിരുദ്ധവികാരം വി.എസ് ഭരണകാലത്തും ഉണ്ടായി. ചെറിയ ഭൂരിപക്ഷത്തിന് യു.ഡി.എഫിനു ജയിക്കാനായി. ജാതീയമോ മതപരമോ ആയ പരിഗണനകള്‍ വന്നാലും രമേശ് ചെന്നിത്തല ദുര്‍ബലമായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് എന്നവര്‍ കരുതുന്നു. ചെന്നിത്തലയാണോ നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നാരെങ്കിലും ചോദിച്ചാല്‍...അങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ല, ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയുമൊക്കെ മത്സരിക്കുന്നുണ്ടല്ലോ.... എന്ന മറുപടി നല്‍കി ചോദിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുകയാണ് കോണ്‍ഗ്രസ് നയം. ഈഴവ-ക്രിസ്ത്യന്‍ വോട്ടുകള്‍ കിട്ടാന്‍ അതുമതി എന്നവര്‍ കരുതുന്നുണ്ടാവാം. അഞ്ചുവര്‍ഷം പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചതിന്റെ മാര്‍ക്ക് നോക്കി ജനങ്ങള്‍ ആരെയും മുഖ്യമന്ത്രിയാക്കില്ല. അത് അല്പമെങ്കിലും അവകാശപ്പെടാനാവുക വി.എസ് അച്യുതാനന്ദന് മാത്രമാണ്.
ഭക്ഷണം ഉറപ്പാക്കുന്നത് വെറും തന്ത്രമല്ല
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സംഘടനാ മെഷിനറിക്ക് ഇടതുമുന്നണിക്കൊപ്പം എത്താന്‍ കഴിഞ്ഞില്ല. സമീപകാല അഴിമതിക്കഥകളും വിവാദങ്ങളുമൊന്നും എല്‍.ഡി.എഫ് വിരുദ്ധവികാരം സൃഷ്ടിക്കാന്‍ പര്യാപ്തമായില്ല. പ്രളയകാലത്തും നിപ കാലത്തും ഇപ്പോള്‍ കൊറോണ കാലത്തും എല്‍.ഡി.എഫ് മന്ത്രിസഭ സ്വീകരിച്ച നടപടികള്‍ കക്ഷിരഹിതരായ സാധാരണക്കാര്‍ക്കും തൃപ്തി നല്‍കിയിരുന്നു. സമൂഹത്തിലെ ദുര്‍ബലര്‍ക്ക് ധനസഹായം നേരിട്ട് എത്തിക്കുക എന്നത് പല ഭരണകൂടങ്ങളും വിജയകരമായി നടപ്പാക്കിയ പരിപാടിയാണ്. ഇടതു മുന്നണിക്ക്് അതിന്റെ പ്രയോജനം മുഴുവനായും കിട്ടി. സാധാരണ കാലത്ത് ഇതു വെറും തന്ത്രമായേ ജനം കാണൂ. പക്ഷേ, പണിയും വരുമാനവും ഇല്ലാതെ പട്ടിണിയെ നേരിട്ട് അന്തംവിട്ടിരിക്കുന്ന പാവങ്ങള്‍ക്ക് മൂന്നു നേരം ഭക്ഷണം ഉറപ്പാക്കുന്നത് വെറും തന്ത്രമായി മാത്രം ആരും കാണുകയില്ല.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയ മറ്റൊരു പ്രധാന പ്രശ്‌നം കേന്ദ്ര ഇടപെടലാണ്. ഇടതു മന്ത്രിസഭയെ തകിടംമറിക്കാനും നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനും കേന്ദ്രസര്‍ക്കാറും ബി.ജെ.പി യും നടത്തിക്കൊണ്ടിരുന്ന, ഇപ്പോഴും തുടരുന്ന നടപടികള്‍ക്കൊപ്പം നില്‍ക്കുകയല്ലേ കോണ്‍ഗ്രസ്സും ചെയ്യുന്നത് എന്ന ചോദ്യം ഇടതുപക്ഷക്കാരില്‍ നിന്നു മാത്രമല്ല, പ്രതിപക്ഷത്തു നില്‍ക്കുന്നവരില്‍നിന്നും ഉയര്‍ന്നുവന്നിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം ഉണ്ടായി എന്നുറപ്പാണ്. ഇടതുഭരണത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഖുര്‍ആന്‍ പോലും കരുവാക്കി എന്ന എന്ന തോന്നല്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുണ്ടായെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കോണ്‍സുലേറ്റില്‍ നിന്നു മതഗ്രന്ഥം വാങ്ങുന്നത് കള്ളക്കടത്തുപോലൊരു നീചകൃത്യമായി ചിത്രീകരിച്ചത് വിശ്വാസികളുടെ നെഞ്ചില്‍ കുത്തുന്നതായി. ഉപഹാരമായി മതഗ്രന്ഥങ്ങള്‍ നല്‍കുന്നത് കുറ്റമല്ല. നാളെ ഇന്തോനേഷ്യയിലെ ഇന്ത്യന്‍ അംബസി അവിടത്തെ സര്‍ക്കാറിന്റെ അറിവോടെ ഹിന്ദുക്കള്‍ക്കു ഭഗവത്ഗീത നല്‍കിയാല്‍ അതൊരു കുറ്റകൃത്യമാകുമോ? മതഗ്രന്ഥം കൊടുക്കുന്നതില്‍ നിഗൂഢതകളൊന്നുമില്ല. ഇതിനെയെല്ലാം വേര്‍തിരിച്ചുകാണാനോ വിവേകപൂര്‍വം കൈകാര്യം ചെയ്യാനോ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞില്ല. ബി.ജെ.പി നടത്തുന്ന മുസ്ലിംവിരുദ്ധ നടപടിയില്‍ കോണ്‍ഗ്രസ്സും പങ്കാളികളായെന്നും, അവരും ബി.ജെ.പിയും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമില്ലെന്നും കുറെ വോട്ടര്‍മാര്‍ക്കു തോന്നിയെങ്കില്‍ അവരെ കുറ്റം പറയാനാവില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അമിത് ഷാ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി പരമാവധി ദ്രോഹം ചെയ്യുന്നുണ്ട് എന്ന് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വവും സംസ്ഥാന ഘടകങ്ങളും പലവട്ടം മുറവിളി കൂട്ടിയിട്ടുണ്ട്. കേരളത്തിലും കേന്ദ്രം അതുതന്നെയാണ് ചെയ്തുകൊണ്ടിരുന്നത്.
കുറച്ചു മുസ്ലിം വോട്ട് പ്രതീക്ഷിച്ച് ഉണ്ടാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ടും യു.ഡി.എഫിനു തിരിച്ചടിയായി. വെല്‍ഫെയര്‍ പാര്‍ട്ടി ജമാഅത്തെ ഇസ്ലാമിയുടെ പാര്‍ട്ടി രൂപമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ജമാഅത്തെ ഇസ്ലാമി അതിന്റെ ജന്മകാലം മുതല്‍ പറഞ്ഞതൊന്നുമല്ല വെല്‍ഫെയര്‍ പാര്‍ട്ടി ഇപ്പോള്‍ പറയുന്നത്. ജമാഅത്തെ ഇസ്ലാമി പണ്ടു പറഞ്ഞതൊന്നും ഇപ്പോള്‍ പറയുന്നില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുപോലും മതവിരുദ്ധമാണെന്ന് ഇവര്‍ പണ്ട് കരുതിയതാണ്. ബഹുഭൂരിപക്ഷം ഹിന്ദു-ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്ക് ഇതിനെക്കുറിച്ചൊന്നും വലിയ പിടിപാടുണ്ടാകാന്‍ സാധ്യതയില്ല. പക്ഷേ, സാധാരണ മുസ്ലിങ്ങള്‍ക്ക് അറിയാം, ജമാഅത്തെ ഇസ്ലാമി എന്തിനു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് എന്ന്. സാധാരണ മുസ്ലിങ്ങള്‍ക്കു ആ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കാനാവില്ല. അവര്‍ അതിനനുസരിച്ച് തിരഞ്ഞെടുപ്പില്‍ പ്രതികരിച്ചിട്ടുണ്ടാവാം. കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണകൂടം ജമാഅത്തെ ഇസ്ലാമിയെ രണ്ടുതവണ നിരോധിച്ചത് എന്തിനായിരുന്നു എന്നു ചോദിച്ചാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്തു മറുപടിയാണ് നല്‍കുക? ഈ സഖ്യവും വെളുക്കാന്‍ തേച്ചുണ്ടാക്കിയ പാണ്ട് തന്നെയാണ്.
മുസ്ലിം-ക്രിസ്ത്യന്‍ സ്പര്‍ദ്ധ വളര്‍ത്തുന്നു
മുസ്ലിം-ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കിടയില്‍ ശത്രുത വളര്‍ത്തി ക്രിസ്ത്യാനികളെ ആകര്‍ഷിക്കുക എന്നൊരു തന്ത്രം ബി.ജെ.പി ഇവിടെ പയറ്റുന്നുണ്ട്. രണ്ടും ന്യൂനപക്ഷ മതങ്ങളാണെങ്കിലും അവരുടെ താല്പര്യങ്ങള്‍ ഒന്നല്ല. രണ്ടുകൂട്ടരും തമ്മില്‍ ചില വാശികളും നിലവിലുണ്ട്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും മറ്റു പല കേന്ദ്ര നടപടികളുടെയും അടിസ്ഥാനം മുസ്ലിം പിന്നാക്കനില ആണെങ്കിലും പരിഹാരനടപടികള്‍ വരുമ്പോള്‍ സാമൂഹികമായി മുന്നില്‍നില്‍ക്കുന്ന ക്രിസ്ത്യന്‍ ജനവിഭാഗമാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ പറ്റുന്നത് എന്ന ആക്ഷേപം മുസ്ലിംസംഘടനകള്‍ ഉയര്‍ത്താറുണ്ട്. ഇപ്പോള്‍ ഒരു വിഭാഗം ക്യസ്ത്യന്‍ പുരോഹിതന്മാരും സംഘടനകളും പ്രധാനമന്ത്രിയുമായും ഭരണകക്ഷി വക്താക്കളുമായും നേരിട്ടും ബി.ജെ.പി നേതാക്കളുടെ സാന്നിദ്ധ്യത്തിലും ചര്‍ച്ചകള്‍ നടത്തുന്നു. എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നത് മുസ്ലിം ജനവിഭാഗമാണ് എന്നാണ് ക്രിസ്ത്യന്‍ സംഘടനകളുടെ പരാതി.
എന്തായാലും, അടുത്ത നാളില്‍ ഒരു ക്രിസ്ത്യന്‍ ബിഷപ്പില്‍നിന്നുണ്ടായ അത്യപൂര്‍വമായ നടപടി ഈ പുതിയ സംഘര്‍ഷത്തിന്റെ തനിനിറം കാട്ടുന്നു. മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി ഒരു ക്രിസ്ത്യന്‍ വ്യവസായിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് കത്ത്. പാലക്കാട് ബിഷപ്പ് സി.പി.ഐ സംസ്ഥാന സിക്രട്ടറിക്ക് അയച്ച ഈ കത്തുപോലൊന്ന്് മുന്‍പ് ഏതെങ്കിലും മതമേധാവി ഏതെങ്കിലും പാര്‍ട്ടി നേതാവിന് അയച്ചതായി കേട്ടിട്ടില്ല. ഇപ്പോള്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് ഇതയച്ചിട്ടുള്ളത്. ആ മണ്ഡലത്തില്‍ സിറ്റിങ്ങ് എം.എല്‍.എ മുസ്ലിം ലീഗിന്റെ പ്രതിനിധിയാണെന്ന കാര്യം കൂടി കൂട്ടിവായിക്കുമ്പോഴേ ഇതിന്റെ പ്രസക്തിയും പ്രധാന്യവും ഗൂഢോദ്ദേശ്യവും ശരിക്കും മനസ്സിലാകൂ. സംസ്ഥാന രാഷ്ട്രീയവും അതില്‍ മതമേധാവികള്‍ ചെലുത്തുന്ന സ്വാധീനവും എത്രത്തോളം വരുന്നു എന്നറിയാന്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ വേണ്ട.
പി.കെ.കുഞ്ഞാലിക്കുട്ടി കേരളത്തിലേക്കു തിരിച്ചുവരുന്നത് ഇനി വരാനിടയുള്ള യു.ഡി.എഫ് ഭരണത്തില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാനുള്ള മുസ്ലിങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് എന്ന്്്് ഹിന്ദുത്വ-ക്രൈസ്തവ സംഘടനക്കാരുടെ പ്രചാരണം പരസ്യമായിത്തന്നെ നടക്കുന്നു. കോണ്‍ഗ്രസ്സിനെ വളരെ ദോഷകരമായി ബാധിക്കുന്ന ഈ പുതിയ പ്രതിഭാസങ്ങളെ നേരിടാന്‍ അവര്‍ക്ക് ഉറച്ച നിലപാടോ തന്ത്രങ്ങളോ ഇല്ല. ഇനിയും ഒരു ടേം കൂടി ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കി ക്രിസ്ത്യാനികളെയും, കുഞ്ഞാലിക്കുട്ടിക്കു നല്ല പകിട്ടുള്ള അധികാരപദവി നല്‍കി മുസ്ലിങ്ങളെയും ഒപ്പം കൂട്ടാം എന്നു കോണ്‍ഗ്രസ് നേതാക്കളില്‍ പലരും വിശ്വസിക്കുന്നുണ്ടാവാം.
തിരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി കേരളത്തിലെ മുന്നണികള്‍ക്കൊന്നും ഇല്ല. എന്നാല്‍, ആളുകളുടെ ആ നില്‍പ്പ് കണ്ടാല്‍ അറിയാം ആരെയാണ് മുഖ്യമന്ത്രിയക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന്. ഫലപ്രഖ്യാപനത്തിനു ശേഷം അങ്ങനെതന്നെ സംഭവിക്കണമെന്നില്ല. ഇരു മുന്നണികളുടെയും കാര്യത്തില്‍ ഇതാണ് അവസ്ഥ. രമേശ് ചെന്നിത്തല കേരളത്തിലെ പാര്‍ട്ടിയുടെ ഏക അനിഷ്യേധ്യ നേതാവല്ല. അഞ്ചുവര്‍ഷം അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നു. പക്ഷേ, ഉമ്മന്‍ചാണ്ടിക്കു അതാവാമായിരുന്നു. അദ്ദേഹം ആ ചുമതല രമേശിന് വിട്ടുകൊടുത്തതാണ് എന്നും ഓര്‍ക്കണം. ഇത്തവണ കോണ്‍ഗ്രസ്, അഥവാ ജയിച്ചാല്‍ ആരു മുഖ്യമന്ത്രിയാകും എന്നു പറയാതിരിക്കുകയാണ് നല്ല തന്ത്രം എന്നവര്‍ കരുതുന്നു. അത്്് പാര്‍ട്ടിയുടെ ഒരു ദൗര്‍ബല്യത്തെ മറികടക്കാനുള്ള മറ്റൊരു ദൗര്‍ബല്യമാണ് എന്നല്ലാതെ എന്തു പറയാന്‍.
പ്രതിപക്ഷ മുക്ത ഭാരതം?
എന്തു ചെയ്തും മുഴുവന്‍ സംസ്ഥാനങ്ങളും കൈപ്പിടിയിലാക്കുക എന്നതാണ് ബി.ജെ.പി ദേശീയലക്ഷ്യം. കോണ്‍ഗ്രസ് മുക്ത ഭാരതം മാത്രമല്ല, പ്രതിപക്ഷ മുക്ത ഭാരതം ആണവര്‍ ലക്ഷ്യം വെക്കുന്നത്. ഇടതുപക്ഷത്തിന് ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ നില്‍ക്കാന്‍ കഴിയുന്ന സംസ്ഥാനങ്ങള്‍ കേരളവും ത്രിപുരയും മാത്രമാണ്. തങ്ങളും ഇടതുമുന്നണിയും തമ്മിലാണ് ഇപ്പോള്‍ മത്സരം നടക്കുന്നത് എന്ന ബി.ജെ.പി പൊങ്ങച്ചം വിലപ്പോവില്ലായിരിക്കാം. കോണ്‍ഗ്രസ്സല്ല തങ്ങളാണ് യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ് വിരുദ്ധ പോരാളികള്‍ എന്നു ബോധ്യപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇതു വിജയിച്ചാല്‍ കോണ്‍ഗ്രസ്സിനെ മൂന്നാം സ്ഥാനത്തേക്കു തള്ളാം എന്നവര്‍ കരുതുന്നു. സി.പി.എമ്മും ഇതു തന്നെയാണ് ആഗ്രഹിക്കുന്നത്. .
ദേശീയതലത്തില്‍ മാത്രമല്ല, കേരളമൊഴിച്ചുള്ള മിക്കവാറും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സും സി.പി.എമ്മും ഒരേ മുന്നണിയിലെ കൂട്ടുകക്ഷികളാണ്. ഒരു കാലത്തും അത്തരമൊരു അവസ്ഥ കേരളത്തില്‍ ഉണ്ടാവില്ല എന്നു പറയാന്‍ കോണ്‍ഗ്രസ്സിനോ സി.പി.എമ്മിനോ സാധിക്കുമോ? ബി.ജെ.പിയില്‍ നിന്നു വ്യത്യസ്തമായ നയവും തന്ത്രവും പരിപാടിയും അതിശക്തമായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടേ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും ഇടതുമുന്നണിക്കു ബദലായി നില്‍ക്കാന്‍ കഴിയൂ. രണ്ടോ മൂന്നോ നേതാക്കളെ മുന്നില്‍നിര്‍ത്തി പരീക്ഷണം നടത്തിയതുകൊണ്ടു മാത്രം ഇതു സാധിച്ചെടുക്കാമെന്നത് വ്യാമോഹം മാത്രമായിരിക്കും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഇരു മുന്നണികളും തമ്മിലുള്ള വോട്ടു വ്യത്യാസം ഒരു മണ്ഡലത്തില്‍ ശരാശരി 3300 ആണ്. നേരത്തെ സൂചിപ്പിച്ചതു പോലെ മുപ്പതു ശതമാനത്തോളം വോട്ടര്‍മാര്‍ വരെ വ്യത്യസ്ത പക്ഷങ്ങളെ മാറിമാറി തുണക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഒരു തിരഞ്ഞെടുപ്പു ഫലവും എക്കാലത്തേക്കുമുള്ള ഫലമല്ല. ഇതു നാം പല വട്ടം കണ്ടിട്ടുള്ളതാണ്.
(Published in Truecopy web site )
Soccer Predictions Tips Free - RLCS Betting Tips クイーンカジノ クイーンカジノ 10cric login 10cric login 온라인카지노 온라인카지노 946airbet88 link in-browser【WG98.VIP】
മറുപടിഇല്ലാതാക്കൂ