വി.രാജഗോപാല്‍, എം.ടി...പിന്നെ സുകുമാര്‍ അഴീക്കോടും

 


വി.രാജഗോപാല്, എം.ടി...പിന്നെ സുകുമാര് അഴീക്കോടും

ആരാന്റെ ആത്മപുരാണം അസഹ്യമാണെങ്കിലും ഇതു കൂടി ക്ഷമിക്ക്...
അതെ, മതിലില്ലാത്ത ജര്മനിയില് തന്നെയാണ് ഇതിന്റെയും വിഷയം. മണ്മറഞ്ഞ രണ്ട് വേണ്ടപ്പെട്ടവരും ഒരു മഹാസാഹിത്യകാരനും ഇതില് പ്രത്യക്ഷപ്പെടും. അതുകൊണ്ടു മാത്രം ഇതെഴുതുന്നു.
മതിലില്ലാത്ത ജര്മനിയില് യാത്രാവിവരണം എഴുതിപ്പൂര്ത്തിയാക്കിയതോടെ ചിന്ത ഇനി ഇതെന്തു ചെയ്യണം എന്നതിനെക്കുറിച്ചായിരുന്നു. എഴുതിയ സാധനവുമായി ഞാന് ഒരു ദിവസം ഓഫീസിലേക്കു വന്നു. അന്ന് ഞാന് കോഴിക്കോട് ബ്യൂറോവില് റിപ്പോര്ട്ടറായിരുന്നു. ബ്യൂറോ ചീഫ് വി.രാജഗോപാല്. കൈയെഴുത്തു പ്രതി മേശപ്പുറത്ത് വെച്ച് സഹപ്രവര്ത്തകരോട് സംഗതി പറഞ്ഞു... നോക്കട്ടെ വായിക്കട്ടെ എന്ന് അവരും പറഞ്ഞ്...അപ്പോഴാണ് വി.രാജഗോപാല് വരുന്നത്. കാര്യം വിശദീകരിച്ച ഉടനെ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു. നീ അതിങ്ങോട്ട് താ.... അതു പറയലും രാജഗോപാല് അതും പിടിച്ചുവാങ്ങിയതും ഒപ്പമായിരുന്നു. പിന്നെ അദ്ദേഹം എങ്ങോട്ടോ പോയി... അര മണിക്കൂര് കഴിഞ്ഞ് തിരിച്ചുവന്ന് പറഞ്ഞത് 'യാത്രാവിവരണം അടുത്ത ആഴ്ച മുതല് മാതൃഭൂമി ആഴ്ചപ്പതിപ്പില് പ്രസിദ്ധപ്പെടുത്തും' എന്നായിരുന്നു. ഞാന് ഞെട്ടി.
രാജഗോപാല് പോയത് എം.ടി വാസുദേവന് നായരെ അതു കാണിക്കാനായിരുന്നു. അദ്ദേഹം അന്ന് മാതൃഭൂമി ആഴചപ്പതിപ്പിന്റെ പത്രാധിപരാണ്. രണ്ടോ മൂന്നോ അധ്യായം അദ്ദേഹം ഓടിച്ചുവായിച്ച ശേഷം പത്രാധിപര് നല്കിയ മറുപടി- അത് ഉടനെ കൊടുത്തു തുടങ്ങാം- എന്നായിരുന്നു! അതാണ് എം.ടി ...അതാണ് വി.രാജഗോപാല്...
ഖണ്ഡശഃ പൂര്ത്തിയായതില് പിന്നെ അതിനെക്കുറിച്ച് ഞാനൊന്നും ചിന്തിച്ചില്ല. പുസ്തകമാക്കുന്നത് ആലോചിക്കുന്നതുതന്നെ അതിമോഹമാവുമല്ലോ എന്നു കരുതി മിണ്ടാതിരുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികള്കൂടി പുസ്തകമെഴുതുന്ന കാലമെത്തിയിരുന്നില്ല. പക്ഷേ, ഒരു വര്ഷത്തിനകം പുസ്തകമിറങ്ങി. അതു വേറൊരു കഥയാണ്. പിന്നെ എപ്പോഴെങ്കിലും പറയാം. അധികപ്രസംഗമാവുമെന്നതു കൊണ്ട് ചുരുക്കുന്നു. സ്വഭാവദൂഷ്യം കാരണം എന്നെ കോഴിക്കോട്ടുനിന്ന് ആദ്യം കൊല്ലത്തേക്കും പിന്നെ തൃശ്ശൂരിലേക്കും അതിനുശേഷം കണ്ണൂരിലേക്കും മാറ്റിയിരുന്നു. തൃശ്ശൂരിലായിരുന്നപ്പോഴാണ് അച്ചടിച്ച പുസ്തകം കൈയില് കിട്ടിയത്. ഉടനെ പ്രകാശനചിന്ത ഉദിച്ചു. തൃശ്ശൂരില് സുകുമാര് അഴീക്കോട് കഴിഞ്ഞല്ലേ വേറെ ആളുള്ളൂ. പ്രകാശനം നടത്താന് അദ്ദേഹത്തെത്തന്നെ വിളിച്ചു. പ്രസ് ക്ലബ്ബിലാണ് സംഘടിപ്പിച്ചത്. അഴീക്കോടിനെ ക്ഷണിച്ചതും ചടങ്ങ് നടത്തിയതുമെല്ലാം മാതൃഭൂമിയിലെ സഹപ്രവര്ത്തകരാണ്. സുകുമാര് അഴീക്കോട് സ്വന്തം കാര് ഓടിച്ച് ക്ലബ്ബിലേക്ക് വന്ന വരവ് ഞാന് മറക്കില്ല.
മറ്റൊരു തരത്തിലും എനിക്ക് സന്തോഷദിനമായിരുന്നു അത്. എനിക്ക് സംസ്ഥാന ഗവണ്മെന്റിന്റെ ഒരു പത്രപ്രവര്ത്തന അവാര്ഡ്-ശാസ്ത്രറിപ്പോര്ട്ടിനുള്ളതെന്നാണ് ഓര്മ- അന്നാണ് പ്രഖ്യാപിച്ചത്. 6.2.1993-നായിരുന്നു അത്. പുസ്തകപ്രകാശന പ്രസംഗത്തില് അഴീക്കോട് ഇത് പ്രത്യേകം എടുത്തു പറഞ്ഞു.
അന്നത്തെ അദ്ദേഹത്തിന്റെ പ്രസംഗം ഒരു കാസറ്റില് സൂക്ഷിച്ചത് എങ്ങോ നഷ്ടപ്പെട്ടുപോയിരുന്നു. ഇപ്പോള് ഡിസി ബുക്‌സ് ഇതിന്റെ ഇ ബുക് പ്രസിദ്ധീകരിക്കാന് തുടങ്ങുന്നതിന് തൊട്ടുമുമ്പ് എനിക്ക് ആ കാസറ്റ് കണ്ടെത്താനായി. അതു പൂര്ണരൂപത്തില് ഈ ഇ.ബുക്കില് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
FB dated 16july 2021


Comment
Share

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്