മാധ്യമസ്വാതന്ത്ര്യം ദുര്‍ബലമാകുന്നു; കേന്ദ്രഭരണകൂടം പ്രതിക്കൂട്ടില്‍


മറ്റേതു ജനാധിപത്യത്തേക്കാള്‍ വേഗതയില്‍ ഇന്ത്യയില്‍ പൗരാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും തകരുന്നു. വിശ്വാസ്യതയുള്ള മൂന്ന് ആഗോള നിരീക്ഷണ ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യത്തകര്‍ച്ചയ്ക്ക് കേന്ദ്രഭരണകൂടത്തെയാണ് കുറ്റപ്പെടുത്തുന്നത്.

ഒരു ദശകത്തിലേറെയായി പല പ്രധാന രാജ്യങ്ങളിലും മാധ്യമസ്വാതന്ത്ര്യം ദുര്‍ബലമാകുന്നുണ്ട്. പത്രസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അമേരിക്കയില്‍ പോലും ഈ തകര്‍ച്ച പ്രകടമാണ്. പക്ഷേ, ഇന്ത്യയിലെ തകര്‍ച്ച മുന്‍പ് അടിയന്തരാവസ്ഥയില്‍ കണ്ടതിനേക്കാള്‍ രൂഢമൂലവും ബോധപൂര്‍വവും നിലനില്‍ത്തുന്നതുമായ ഒരു നയമായി മാറിയെന്നത് നിരീക്ഷകര്‍ വേറിട്ടുകാണുന്നു.

ഇന്ത്യയില്‍ ഭരണകൂടനയങ്ങള്‍ ഫാഷിസ്റ്റ് സ്വഭാവമാര്‍ജ്ജിക്കുകയാണ് എന്ന ആക്ഷേപം അഞ്ചു വര്‍ഷത്തിലേറെയായി ഉയര്‍ന്നുവരുന്നുണ്ടെങ്കിലും 1975-77 കാലത്തെ അടിയന്തരാവസ്ഥയുമായി ഇതിന് അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്ന് വിലയിരുത്തുന്നുണ്ട് നിരീക്ഷകര്‍. പ്രധാനമന്ത്രി അധികാരസംരക്ഷണത്തിനു വേണ്ടി മാത്രം പ്രഖ്യാപിച്ചതായിരുന്നു അടിയന്തരാവസ്ഥ. അതൊരു പാര്‍ട്ടിയുടെ നയമോ പരിപാടിയോ ആയിരുന്നില്ല. മന്ത്രിസഭ പോലും വിളിച്ചുകൂട്ടാതെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും പത്രസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള പൗരാവകാശങ്ങള്‍ റദ്ദാക്കിയതും. പ്രധാനമന്ത്രിക്കു  വഴങ്ങി പാര്‍ട്ടി മൗനം പുലര്‍ത്തുകയും പിന്നെ അത് ആഘോഷിക്കുകയും ചെയ്തു.  അറസ്റ്റുകളും സെന്‍സര്‍ഷിപ്പും മറ്റ് അതിക്രമങ്ങളും വ്യാപകമായി അരങ്ങേറിയെങ്കിലും അതു ക്രമേണ ലഘൂകരിക്കപ്പെടുകയും പൊതുതിരഞ്ഞെടുപ്പിലേക്കെത്തുകയും ജനവധി ഭരണമാറ്റം അനിവാര്യമാക്കുകയും ചെയ്തു എന്നതാണ് ചരിത്രം. ചരിത്രത്തിലെ ഒരു പാഠമായി അതു നിലനില്‍ക്കുന്നു.

തീര്‍ച്ചയായും ഇന്നത്തെ ഭരണാധികാരികളും പാഠം പഠിച്ചിട്ടുണ്ട്. ഒരു എടുത്തുചാട്ടമല്ല അവരുടെ അധികാര കേന്ദ്രീകരണം. ദീര്‍ഘകാലത്തേക്കു നിലനില്‍ക്കണം എന്ന ഉറച്ച ബോധത്തോടെ ഏറെ ആസുത്രിതമായി ഘട്ടം ഘട്ടമായി നടപ്പാക്കപ്പെടുന്നതാണ് അത്. പടിപടിയായാണ് അവകാശനിഷേധത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നത്. വലിയ തോതില്‍ ചര്‍ച്ചയാകാന്‍ അനുവദിക്കാതെ സ്വതന്ത്രമാധ്യമം എന്ന സങ്കല്പത്തെത്തന്നെ ഇല്ലായ്മ ചെയ്യുകായാണ് ഉദ്ദേശ്യം എന്നു വേണം കരുതാന്‍. ുന്നു.

ഇന്ത്യ പിന്നില്‍

ആഗോളതലത്തില്‍ വര്‍ഷംതോറും ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ പഠിക്കുന്ന സ്ഥാപനങ്ങളാണ് ദ് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റും റിപ്പോര്‍ട്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സും വേള്‍ഡ് ഫ്രീഡം ഹൗസും. ദ് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് നടത്തുന്ന പഠനമനുസരിച്ച് ജനാധിപത്യാവകാശങ്ങളുടെ കാര്യത്തില്‍ ഇന്ത്യ വര്‍ഷംതോറും പിറകോട്ടുപോകുയാണ്. 2015-ല്‍ ആണ് ഈ പതനം ആരംഭിച്ചത്. 2014-ല്‍ ഏറ്റവും ഉയര്‍ന്ന റാങ്ക്  7.92 സര്‍വകാല റെക്കോര്‍ഡ് ആയിരുന്നു. തുടര്‍ച്ചയായി കുറഞ്ഞ് ഇത് 2020-ല്‍ 6.61 ആയി . 53 ആണ് ഇന്ത്യയുടെ ലോകറാങ്ക്. വര്‍ഷങ്ങള്‍ക്കു മുന്‍പ് 27 ആയിരുന്ന റാങ്ക് ആണ് ഇത്രയും താഴേക്കു വന്നത് എന്നു പ്രത്യേകം കാണണം. മറ്റു രാജ്യങ്ങളിലൊന്നും ഇത്രയും ഗുരുതരമായ വീഴ്ച ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രങ്ങളുടെ വര്‍ഗീയ നടപടികളും ആക്രമണങ്ങളുമാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിച്ഛായത്തകര്‍ച്ചയ്ക്ക് കാരണമായതെന്ന് ദ് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് റിപ്പോര്‍ട്ട് എടുത്തുപറയുന്നു.


ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ മിക്ക വികസ്വര രാജ്യങ്ങളുടെയും സ്ഥിതി ആദ്യം മുതലേ ഇന്ത്യയേക്കാള്‍ മോശമായിരുന്നു. പക്ഷേ, ബംഗ്ലാദേശും ശ്രീലങ്കയും ഭൂട്ടാനും പാകിസ്താനും വരെ സ്ഥിതി മെച്ചപ്പെടുത്തുമ്പോഴാണ് 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം' താഴോട്ടു പതിക്കുന്നത്. ഇന്ത്യ വികസിതരാജ്യങ്ങള്‍ക്കിടയില്‍ എക്കാലവും ഉന്നതമായ ജനാധിപത്യ മാതൃകയായിരുന്നു. ഇന്ത്യയെ പോലൊരു അവികസിത-നിരക്ഷര ജനതയ്ക്ക് പറ്റിയതല്ല ജനാധിപത്യമെന്നും ഏതു നിമിഷവും പട്ടാളഭരണം പ്രഖ്യാപിക്കപ്പെടുമെന്നും പ്രവചിച്ചുനടക്കുകയായിരുന്നു പാശ്ചാത്യ മാധ്യമ പണ്ഡിതന്മാര്‍. 1977-നു ശേഷമാണ് അതു കേള്‍ക്കാതായത്.  

വിശ്വാസ്യതയുള്ള ദ് ഇക്കണോമിസ്റ്റ് മാഗസീന്‍ നടത്തുന്ന ഗവേഷണസ്ഥാപനമാണ് ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്. വര്‍ഷംതോറുംഅവര്‍ തയ്യാറാക്കുന്ന ആഗോള പഠന സൂചികകളില്‍ ഒന്നാണ് ഡമോക്രസി ഇന്‍ഡക്സ്. ദീര്‍ഘകാലത്തെ സര്‍വെ ഫലം അനുസരിച്ച് പൂര്‍ണ ജനാധിപത്യരാജ്യങ്ങളുടെ കൂട്ടത്തില്‍ പെടില്ല ഇന്ത്യ. നോര്‍വെ, ഐസ്ലന്റ്, സ്വീഡന്‍, ന്യൂസീലാന്‍ഡ്, കനഡ, ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, തായ്വാന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ലക്സംബര്‍ഗ്, ഉറുഗ്വെ, യു.കെ.,ചിലി, ഓസ്ട്രിയ, കോസ്റ്റോറിക്ക, മൗറീഷ്യസ്, ജപ്പാന്‍, സ്പെയിന്‍, ദ.കൊറിയ എന്നീ 23 രാജ്യങ്ങളാണ് പൂര്‍ണ ജനാധിപത്യ രാജ്യങ്ങളുടെ പട്ടികയിലുള്ളത്. ബഹുഭൂരിപക്ഷവും യൂറോപ്യന്‍ രാജ്യങ്ങള്‍. പിഴവുകളുള്ള ജനാധിപത്യരാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുള്ളത്. 52 രാജ്യങ്ങളാണ് ഇത്തരത്തിലുള്ളത്. അതിനും താഴെയുള്ള രണ്ടു ഗ്രൂപ്പുകളില്‍ ഏകാധിപത്യം എന്നു ഉറച്ചു പറയാവുന്ന 57 രാജ്യങ്ങളുണ്ട്.

മാധ്യമ സ്വാതന്ത്ര്യം മാത്രം പരിഗണിച്ചുള്ളതാണ് മറ്റൊരു ആഗോള ഇന്‍ഡക്സ്. അതിരുകളില്ലാത്ത പത്രറിപ്പോര്‍ട്ടര്‍മാര്‍ (റിപ്പോര്‍ട്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ്) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമസ്വാതന്ത്ര്യ നിരീക്ഷക സംഘടനയാണ് ഇതു നടത്തുന്നത്. ഇതില്‍ ഇന്ത്യയുടെ നില ദയനീയമാണ്. 180 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ 142-ാം റാങ്കില്‍ നില്‍ക്കുന്നു. ഇന്ത്യയേക്കാള്‍ ഭേദപ്പെട്ട രാജ്യങ്ങള്‍ ഏതെല്ലാം എന്നു കാണുമ്പോഴാണ് നമ്മുടെ യഥാര്‍ത്ഥ നില മനസ്സിലാവുക. മ്യാന്‍മാര്‍ പട്ടാളഭരണം വരുന്നതിന് തൊട്ടുമുന്‍പ് ഇന്ത്യയേക്കാള്‍ അല്പം മുന്നിലായിരുന്നു. ഫലസ്റ്റീനും ശ്രീലങ്കയും അഫ്ഗാനിസ്താനും ഗോട്ടിമാലയും നേപ്പാളും ഇസ്രയേലും പോലും ഇന്ത്യക്കു മുന്നിലാണ്. വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഗവണ്മെന്റിന്റെ പ്രതികൂല നടപടികള്‍ മാത്രമാവില്ല റാങ്ക് നിര്‍ണയത്തില്‍ പരിഗണിക്കപ്പെടുക. ക്രമസമാധാനനില മോശമായ സംസ്ഥാനങ്ങളിലെ അക്രമങ്ങളും പരിഗണിക്കപ്പെടും. എങ്കില്‍പോലും വര്‍ഷം തോറും പിറകോട്ട് പോകുന്നു നിലവാരം എന്നത് വിശദീകരണം ആവശ്യപ്പെടുന്നു.

രൂക്ഷവിമര്‍ശനം.

' 2020-ല്‍ ജോലിക്കിടയില്‍ നാലു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ തങ്ങളുടെ ചുമതലകള്‍ നേരാംവണ്ണം നിര്‍വഹിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ച് ഏറ്റവും അപകടകരമായ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരായ പൊലീസ് അതിക്രമങ്ങള്‍, രാഷ്ട്രീയപ്രവര്‍ത്തകരുടെ പതിയിരുന്നാക്രമണങ്ങള്‍, കുറ്റവാളിസംഘങ്ങളുടെ പ്രതികാരനടപടികള്‍ തുടങ്ങിയ ഭീഷണികള്‍ എപ്പോള്‍ എവിടെയും ഉണ്ടാകാമെന്ന നിലയാണ് ഉള്ളത്. 2019-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് വന്‍വിജയം ലഭിച്ചതോടെ, ഭരണാധികാരികളുടെ ഹിന്ദുത്വവഴിയിലേക്ക് വരാനുള്ള സമ്മര്‍ദ്ദം പത്രപ്രവര്‍ത്തകര്‍ വര്‍ദ്ധിച്ച തോതില്‍ നേരിടുകയാണ്. രാജ്യദ്രോഹപരം എന്ന് അവര്‍ കരുതുന്ന ഹിന്ദുത്വവിമര്‍ശന വഴിയില്‍ സഞ്ചരിക്കുന്ന എല്ലാ വിഭാഗം പ്രവര്‍ത്തകരും ഭീഷണി നേരിടുകയാണ്. ഹിന്ദുത്വ ശക്തികള്‍ക്ക് അനിഷ്ടമുണ്ടാക്കുന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സാമൂഹിക മാധ്യമം ഉപയോഗിച്ചുള്ള കടുത്ത വിദ്വേഷപ്രചാരണമാണ് നടക്കുന്നത്. വധഭീഷണി പോലും അപൂര്‍വമല്ല. വനിതകളെയാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ അതിഹീനമാകുന്നു വിദ്വേഷപ്രചാരണം. രാജ്യദ്രോഹക്കുറ്റം അടിച്ചേല്‍പ്പിച്ച് ജയിലിലടക്കപ്പെടില്ല എന്നൊരു ഉറപ്പും ആര്‍ക്കുമില്ല. ജീവപര്യന്തം ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് പലരുടെ പേരിലും ചുമത്തിയിരിക്കുന്നത്. 2020-ല്‍ കൊറോണയുടെ മറവില്‍ ഈ വക നടപടികള്‍ രൂക്ഷമാവുകയാണ് ഉണ്ടായത്. കശ്മീര്‍ താഴ്വരയിലെ പത്രപ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടിവരുന്നത് ഇതിനേക്കാളെല്ലാം കഠിനമായ പീഡനങ്ങളാണ്....' ഇങ്ങനെ പോകുന്നു ആര്‍.എസ് എഫ് പ്രസിദ്ധീകരിച്ച വാര്‍ഷിക അവലോകന റിപ്പോര്‍ട്ടിലെ ഇന്ത്യയെ സംബന്ധിക്കുന്ന ഭാഗം. മോദി മാധ്യമങ്ങള്‍ക്കു മേല്‍ പിടിമുറുക്കുന്നു എന്നാണ് തലക്കെട്ടുതന്നെ. കേരളത്തിലിരിക്കുന്ന നമുക്ക് ഇതിലെ പരാമര്‍ശങ്ങള്‍ അതിരുകടന്നതല്ലേ എന്നു തോന്നിയേക്കാം. പക്ഷേ, ഒരു അന്താരാഷ്ട്ര ഏജന്‍സിയെ സംബന്ധിച്ചേടത്തോളം കേരളവും കശ്മീരും ഇന്ത്യ തന്നെയാണ്, വേര്‍തിരിവില്ല.  

വിശ്വാസ്യതയുള്ള സംഘടനകളാണ് ഇക്കണോമിസ്റ്റും റിപ്പോര്‍ട്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സും. പക്ഷേ, ഇവരുടെ സൂചികകള്‍ പൊരുത്തപ്പെടുന്നില്ല എന്നു പ്രത്യക്ഷത്തില്‍തോന്നും. ആദ്യം 27-ലും ഇപ്പോള്‍ 53-ലും ഉള്ള  ജനാധിപത്യ സൂചികയേക്കാള്‍ മോശമാണ് 142 എന്ന ഇന്ത്യയുടെ മാധ്യമ സ്വതന്ത്യ സൂചിക. കുറ്റമറ്റതല്ലെങ്കിലും തരക്കേടില്ലാത്ത ജനാധിപത്യം ഉണ്ടെന്ന് ഒരു സൂചികയും മാധ്യമസ്വാതന്ത്ര്യം അതിദയനീയമാണെന്നു മറ്റൊരു സൂചികയും പറയുന്നു. ഇത് എങ്ങനെയെന്ന ചോദ്യത്തിന് മറുപടി ഉണ്ട്. അതിങ്ങനെ-

സംസ്‌കാരവും സ്വാതന്ത്രവും

അഞ്ച് മേഖലകളില്‍ രാജ്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നു വിലയിരുത്തിയാണ് ദ് ഇക്കണോമിസ്റ്റിന്റെ സൂചിക തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയും നിഷ്പക്ഷതയും ആണ് ഒന്നാമത്തെ വിഷയം. രണ്ടാമത്തേത് ഗവണ്മെന്റിന്റെ പ്രവര്‍ത്തനരീതിയാണ്. രാഷ്ട്രീയത്തിലെ ബഹുതല പങ്കാളിത്തത്തിന്റെ തോതാണ് മൂന്നാമത്തേത്. രാഷ്ട്രീയസംസ്‌കാരവും പൗരസ്വാതന്ത്ര്യവും ആണ് അവസാനത്തേത്. ഒടുവിലത്തെ രണ്ടു കാര്യങ്ങളാണ് (രാഷ്ട്രീയസംസ്‌കാരവും പൗരസ്വാതന്ത്രൃവും)  വിലയിരുത്തലില്‍ ഇന്ത്യയുടെ മൊത്തംനില മോശമാക്കിയത് എന്ന് ഡമോക്രസി ഇന്‍ഡക്സിന്റെ രേഖ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പു രീതികളും രാഷ്ട്രീയ പങ്കാളിത്തവുമെല്ലാം ഭരണഘടന ഉണ്ടായതുമുതല്‍ ഇന്ത്യയില്‍ തുടരുന്ന കാര്യങ്ങളാണല്ലോ. രാഷ്ട്രീയസംസ്‌കാരവും പൗരസ്വാതന്ത്രവും അങ്ങനെയല്ല. അതാണ് ഇന്ത്യയില്‍ മോശമാകുന്നത്. സമകാലിക രാഷ്ട്രീയത്തില്‍ പലതും വഴി പിഴക്കുന്നു എന്നതാണ് ഇന്‍ഡക്സ് ചൂണ്ടിക്കാട്ടുന്ന യാഥാര്‍ത്ഥ്യം

2014 മുതല്‍ ഭരണാധികാരികള്‍ മാധ്യമങ്ങളെ പരമാവധി ദുര്‍ബലമാക്കുതിനുള്ള ആസൂത്രിത പദ്ധതികള്‍ നടപ്പാക്കിവരുന്നു. ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന സങ്കല്‍പ്പം അപ്രസക്തവും അസാധുവും ആക്കുക എന്നത് അപ്രഖ്യാപിത നയമായി മാറുന്നു. ഇന്ത്യയില്‍ മാത്രമല്ല പുതിയതരം ഏകാധിപത്യങ്ങള്‍ നിലനില്‍ക്കുന്ന പല രാജ്യങ്ങളിലെല്ലാം ഇതു പ്രകടമായ പ്രവണതയാണ്. മാധ്യമം എന്ന സംഗതിയെ ഭരണകൂടം പരിഗണിക്കുകയേ വേണ്ട എന്നതാണ് മനോഭാവം. ഇന്ത്യയില്‍ അത് 2014-ല്‍ തുടങ്ങി. തന്റെ വിദേശപര്യടനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ കൂടെ കൂട്ടില്ല എന്നതായിരുന്നല്ലോ 2014-ല്‍ അധികാരമേറ്റ മോദി ഭരണകൂടത്തിന്റെ ആദ്യപ്രഖ്യാപനം. ഇതിന്റെ പല വകഭേദങ്ങള്‍ തുടര്‍ന്നിങ്ങോട്ടു എല്ലായ്പ്പോഴും കാണുന്നു. ജനങ്ങളിലെത്താന്‍ പഴയ കാലത്തെപ്പോലെ അച്ചടി, ദൃശ്യ മാധ്യമങ്ങളെ ആശ്രയിക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ അവര്‍ എന്തു പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതുമില്ല. തങ്ങളുടെ നയങ്ങളും നിലപാടുകളും ന്യായീകരണങ്ങളും ഏകപക്ഷീയമായി ആളുകളിലെത്തിക്കാന്‍ സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കാവുന്നതേ ഉള്ളൂ. ഭരണകൂടത്തില്‍ സുതാര്യത ഇത്രമേല്‍ ഇല്ലാതാക്കിയ ഒരു കാലം ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ മാത്രമാണ്. മാധ്യമങ്ങളെയും മറ്റുതരം വിമര്‍ശകരെയും ഒതുക്കാന്‍ നിയമം മറികടന്നുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് ഭരണകൂടം ഒട്ടും മടികാണിക്കുന്നില്ല.

ഫോര്‍ത്ത് എസ്റ്റേറ്റ് വേണ്ട

ഏതാണ്ട് പത്തു വര്‍ഷത്തോളമായി പല രാജ്യങ്ങളിലും രാഷ് ട്രീയസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന്റെ സംരക്ഷകര്‍ ആകേണ്ടവര്‍ അതിന്റെ ഘാതകരാകുന്നു. നൂറ്റാണ്ടുകളായി അഭിപ്രായസ്വാതന്ത്ര്യത്തെയും മാധ്യമങ്ങളുടെ ഫോര്‍ത്ത് എസ്റ്റേറ്റ് ചുമതലയെയും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള യൂറോപ്യേന്‍ രാജ്യങ്ങളിലും ഈ പ്രവണത പ്രകടമായതായി പ്രശസ്ത ആഗോള സ്വാതന്ത്ര്യസംരക്ഷണ സ്ഥാപനമായ ഫ്രീഡം ഹൗസിന്റെ ഫ്രീഡം ഇന്‍ ദ് വേള്‍ഡ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

നിരവധി രാജ്യങ്ങളില്‍ ഏതാണ്ട് ഒരേ പോലെ പ്രകടമാകുന്ന ഏകാധിപത്യ പ്രവണതകള്‍ വിവരിച്ച ശേഷം ഫ്രീഡം ഹൗസ് റിപ്പോര്‍ട്ട് ഇന്ത്യയിലേക്കുകടക്കുന്നു. ലോകത്തിലെ ഏറ്റവുമധികം ജനങ്ങള്‍ ജീവിക്കുന്ന ജനാധിപത്യമായ ഇന്ത്യ നല്‍കുന്ന സൂചന, ഭരണകൂടങ്ങളെക്കൊണ്ടു ജനങ്ങളോട് കണക്കു പറയിക്കുക എന്ന ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കില്ല എന്നതാണ്. 'രാഷ്ട്രവിരുദ്ധം' എന്നു മുദ്രകുത്തി ഏതുതരം വിമര്‍ശനവും തടയാം എന്നാണ് ഇന്ത്യയിലെ ഭരണകക്ഷി കരുതുന്നത്. ഭരണകക്ഷിയുടെ പിന്‍ബലത്തോടെ, വിമര്‍ശകര്‍ക്കെതിരെ പൊലീസും മറ്റ് ഭരണകൂട ഉപകരണങ്ങളും കര്‍ക്കശമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.  ഭരണകൂടത്തില്‍ നിന്നുള്ള ധനപരമായ ആനുകൂല്യങ്ങളൊന്നും വിമര്‍ശക മാധ്യമങ്ങളില്‍ എത്തുന്നില്ല എന്നു ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും ഇന്ത്യന്‍ ഭരണകൂടം സ്വീകരിക്കുന്നു' എന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

അനേകം വര്‍ഷങ്ങളിലെ പഠനം നല്‍കുന്ന സൂചന ലോകത്ത് ജനാധിപത്യം ദുര്‍ബലമാകുന്നു എന്നുതന്നെയാണ്. ദുഷ്പ്രവണതകളാണ് എങ്ങും പെരുകുന്നത്. പ്രതീക്ഷ നല്‍കുന്ന വിവരങ്ങള്‍ അപൂര്‍വം രാജ്യങ്ങളില്‍നിന്നേ വരുന്നുള്ളൂ. ജനാധിപത്യം കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് കൂടുതല്‍ ഉദാരമായ ജനാധിപത്യമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്കല്ല തിരിച്ചാണ് കൂടുതല്‍ രാജ്യങ്ങള്‍ സഞ്ചരിക്കുന്നത്. അപൂര്‍വം രാജ്യങ്ങളില്‍ നിന്ന് സന്തോഷകരമായ വിവരങ്ങളുമുണ്ട്. എത്യോപ്യ, മലേഷ്യ, അര്‍മേനീയ, ഇക്വഡോര്‍ തുടങ്ങി ഏതാനും രാജ്യങ്ങള്‍ പ്രകടനം മെച്ചപ്പെടുത്തിയ രാജ്യങ്ങളാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.  ഇവിടെ മാധ്യമ-അഭിപ്രായ സ്വാതന്ത്ര്യം സംരംക്ഷിക്കപ്പെടുന്നതു സംബന്ധിച്ച ശുഭകരമായ സൂചനകളും റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

ജനാധിപത്യരാജ്യങ്ങള്‍ ചെയ്യേണ്ടത്

പൂര്‍ണ്ണ ജനാധിപത്യമുള്ള രാജ്യങ്ങള്‍ ലോകത്തെമ്പാടും നടക്കുന്ന മാധ്യമസ്വാതന്ത്ര്യ ലംഘനങ്ങളെ വിമര്‍ശിക്കാന്‍ അപ്പോഴപ്പോള്‍ തന്നെ തയ്യാറാകണം എന്നു ഫ്രീഡംഹൗസ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്. ഉത്തരവാദിത്തത്തോടെയുള്ള ഭരണകൂട നിരീക്ഷണവും വിമര്‍ശനവും നടത്തുക അതിനായിത്തന്നെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ മാത്രമാണ്. സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ടതും ഉത്തരവാദിത്തമില്ലാത്തതും സത്യം ഉറപ്പാക്കാനാവാത്തതുമായ അഭിപ്രായപ്രകടനങ്ങളെ, വിമര്‍ശനങ്ങളെ ആശ്രയിക്കുന്നത് ഒട്ടും ഫലപ്രദമല്ല. ലോകത്തെമ്പാടും ജനാധിപത്യം പുലരുന്ന വികസിത രാജ്യങ്ങള്‍ ജനാധിപത്യരാജ്യങ്ങള്‍ക്ക് ശക്തി നല്കുക എന്നത് അവരുടെ വിദേശനയത്തിന്റെ പ്രധാന ഘടകമായി സ്വീകരിക്കണം എന്നും ഫ്രീഡം ഹൗസ് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.


ആധാരമായ റിപ്പോര്‍ട്ടുകള്‍

1) https://freedomhouse.org/report/freedom-and-media/2019/media-freedom-downward-spiral

2) http://www.eiu.com/Handlers/WhitepaperHandler.ashx?fi=Democracy-Index-2020.pdf&mode=wp&campaignid=democracy2020

3) https://rsf.org/en/rankingഫെയ്സ്ബുക്ക് ഇന്ത്യന്‍

തിരഞ്ഞെടുപ്പിലും ഇടപെട്ടു?

ഫെയ്സ്ബുക്കില്‍നിന്ന് രാജിവെച്ചുപോകുമ്പോള്‍ ഡാറ്റ സയന്റിസ്റ്റ് സോഫി ഷാങ്ങ് കമ്പനി അധികൃതര്‍ക്ക് നല്‍കിയ സുദീര്‍ഘമായ ഒരു കത്താണ്. പുറത്തു കാണുന്ന നവമാധ്യമപ്പൊലിമയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നത് കടുത്ത രാഷ്ട്രീയ ഗുഢ പ്രവര്‍ത്തനങ്ങളും പല വിധ തത്ത്വ-നിയമ ലംഘനങ്ങളുമാണ് എന്ന സോഫിയുടെ തുറന്നുപറച്ചില്‍ വ്യക്തമാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അധികാരം നേടിയെടുക്കാന്‍ സഹായിക്കുന്ന കൃത്രിമങ്ങള്‍ ഇന്ത്യ, മെക്സിക്കോ, അഫ്ഘാനിസ്ഥാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായെന്നും അറിഞ്ഞിട്ടും ഇതൊഴിവാക്കാന്‍ കമ്പനി അധികൃതര്‍ ഒന്നും ചെയ്തില്ല എന്നും അവര്‍ ആക്ഷേപിച്ചു.

ചില നേതാക്കള്‍ക്കു വേണ്ടി നിരവധി വ്യാജപേജുകളിലൂടെ എണ്ണമറ്റ ലൈക്കുകളും അതുവഴി അസത്യമായ ജനപിന്തുണയും കാണിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചതായാണ് അവര്‍ ആരോപിച്ചത്. ജോലിയില്‍ നിന്ന് പിരിയാന്‍ നല്ല പ്രതിഫലം അവര്‍ക്ക് കമ്പനി ഓഫര്‍ ചെയ്തിരുന്നുവെങ്കിലും പുറത്തുപോയി മൗനം പാലിക്കണമെന്ന ഉപാധി വെച്ചതുകൊണ്ട് അവര്‍ അത് നിഷേധിച്ചുവെന്നും https://www.technologyreview.com/പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാര്‍ഡിയന്‍ പത്രം ഏപ്രിലില്‍ ഇക്കാര്യം സമഗ്രമായി ചിത്രീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഫെയ്സ്ബുക്ക് സ്വന്തംപഴുതുകളിലൂടെ ലോക നേതാക്കള്‍ക്ക് അവരുടെ പൗരന്മാരെ വഞ്ചിക്കാന്‍ അവസരമേകുന്ന എന്ന തലക്കെട്ടിലെഴുതിയതാണ് റിപ്പോര്‍ട്ട്. 25 രാജ്യങ്ങളിലെ മുപ്പതോളം ചട്ടലംഘനങ്ങള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിട്ടും കമ്പനി അധികൃതര്‍ മൗനം ദീക്ഷിച്ചു എന്നാണ് പത്രം കുറ്റപ്പെടുത്തുന്നത്. കാര്യക്ഷമമല്ല പ്രവര്‍ത്തനം എന്ന് ആക്ഷേപിച്ച് പുറത്താക്കപ്പെട്ട ഡാറ്റ സയന്റിസ്റ്റ് സോഫി ഷാങ്ങ് നടത്തിയ വെളിപ്പെടുത്തലുകളും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിലുണ്ട്.  

സാമൂഹിക മാധ്യമം കൊല്ലുന്നു

ഫെയ്സ്ബുക്കിന്റെ വാഷിങ്ടണ്‍ ഡിസി ആസ്ഥാനത്തിനു മുന്നില്‍ നിരവധി പ്രകടനങ്ങള്‍ എത്തുന്നത് ശവശരീരസഞ്ചി (ബോഡി ബാഗ്) കളുമായാണ്. അവരത് ഗേറ്റിനു മുന്നില്‍ വലിച്ചെറിയുന്നു. വന്‍തോതില്‍ ശാസ്ത്രവിരുദ്ധ പ്രചാരണം അനുവദിക്കുക വഴി കോവിഡ് രോഗവ്യാപനത്തിനും മരണങ്ങള്‍ക്കും ഉത്തരവാദിയാണ് ഫെയ്സ്ബുക്ക്  എന്ന് ആക്ഷേപിച്ചുകൊണ്ടാണ് പ്രകടനങ്ങള്‍ നടക്കുന്നത്.

ഫെയ്സ്ബുക്കിന്റെ നിരുത്തരവാദപരമായ നിലപാട് ആളെക്കൊല്ലുന്നതാണെന്ന് പ്രസിഡന്റ് ജോ ബൈഡനും ആരോഗ്യവിദദ്ധന്‍ ഡോ. നാഹിദ് ബഡേല്യയും ആക്ഷേപിച്ചിരുന്നു. മഹാമാരിയെക്കുറിച്ചും വാക്സിനെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഇരുനൂറിലേറെ സംഘങ്ങള്‍ ഫെയ്സ്ബുക്കിലുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. വ്യാജവാര്‍ത്തകളും വാക്സിന്‍ വിരുദ്ധ പ്രചാരണവും നടത്തുന്ന പതിനെട്ട് ദശലക്ഷം പോസ്റ്റുകള്‍ ഇതിനകം നീക്കം ചെയ്തിട്ടുണ്ട് എന്ന് ഫെയ്സ്ബുക്ക് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും വാക്സിന്‍-മാസ്‌ക് വിരുദ്ധ പ്രചാരണം ഫെയ്സ്ബുക്കില്‍ തുടരുന്നുണ്ടെന്ന് അധികൃതര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ജേണലിസ്റ്റുകള്‍ക്കു

കൂടുതല്‍ സ്വാതന്ത്ര്യം

പ്രമുഖ മാധ്യമ സ്ഥാപനമായ നാഷനല്‍ പബ്ളിക് റേഡിയോ(എന്‍.പി.ആര്‍) കാലങ്ങളായി നില നില്‍ക്കുന്ന ചില നിരോധനങ്ങള്‍ മാറ്റി പത്രപ്രവര്‍ത്തരെ സ്വതന്ത്രരാക്കുന്നു.

വിവാദപരവും ഭിന്നത ഉണ്ടാക്കുന്നതുമായ പ്രശ്നങ്ങളിലും വിഷയങ്ങളിലും ഇടപെടുകയോ അഭിപ്രായപ്രകടനം നടത്തുകയോ ചെയ്യാന്‍ പാടില്ല എന്നായിരുന്നു സ്ഥാപനത്തിന്റെ ധാര്‍മിക സംഹിതയിലെ മുഖ്യഇനം. ഇതു കാരണം, ഒരു പൊതുവിഷയത്തെച്ചൊല്ലിയുമുള്ള പ്രകടനങ്ങളിലോ പൊതു സമ്മേളനങ്ങളിലോ പങ്കെടുക്കനോ മറ്റു മാധ്യമങ്ങളില്‍ അഭിപ്രായം പറയാനോ അനുവദിച്ചിരുന്നില്ല.

സാമൂഹിക മാധ്യമങ്ങളുടെ വരവോടെ ഈ നിയന്ത്രണം തുടരെത്തുടരെ ലംഘിക്കപ്പെട്ടിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിഷേധമായി ഇത് ആക്ഷേപിക്കപ്പെട്ടിരുന്നു.  തുടര്‍ന്നാണ് ചട്ടങ്ങള്‍ ഉദാരമാക്കിയത്. രണ്ടായിരം മുതല്‍ നില നില്‍ക്കുന്ന എത്തിക്സ് കോഡ് പത്തു വര്‍ഷംമുന്‍പ് സമഗ്രമായി പുതുക്കിയപ്പോഴും ഈ വ്യവസ്ഥകള്‍ നില നിര്‍ത്തുകയാണ്  

(മീഡിയ മാസിക 2021 ഓഗസ്റ്റ് ലക്കം)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എം.പി വീരേന്ദ്രകുമാര്‍ എന്തു കൊണ്ട് ചീഫ് എഡിറ്റര്‍ ആയില്ല?

്‌വിശ്വാസത്തകര്‍ച്ചയും ആശയക്കുഴപ്പവും- പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്

കേരള മാധ്യമങ്ങളുടെ ആറു പതിറ്റാണ്ട്